അനുവിന്റെ തിരോധാനം .. ഒരു ഫ്ലാഷ്ബാക്ക്

  
രചന:   കേരളേട്ടൻ + വീകെ.

                                                                   1

                   ലളിത സഹസ്രനാമം ചൊല്ലിത്തീര്‍ത്ത് കല്‍പ്പൂരം കത്തിച്ചപ്പോള്‍ സമാധാനമായി. യാത്ര കാരണം പതിവ് അനുഷ്ഠാനത്തിന്ന് ഒരു മുടക്കവും വന്നില്ലല്ലോ.. പൂജാമുറിയില്‍നിന്ന് പുറത്തിറങ്ങി ഹാളിലെ ക്ലോക്കിലേക്ക് നോക്കി. സമയം ആറ് അമ്പത്. അഞ്ചേമുക്കാലിന് ആരംഭിച്ച നാമജപമാണ്. കേരളേട്ടൻ മനസ്സിലോർത്തു.
''എപ്പോഴാ ഇറങ്ങേണ്ടത്'' മൂത്തമകന്‍ ചോദിച്ചു.
''ഏഴേകാല് കഴിഞ്ഞതും ഇറങ്ങാം''
''എന്നാല്‍ ഭക്ഷണം കഴിച്ചോളൂ'' കേരളേട്ടന്‍റെ ഭാര്യ സുന്ദരി പറഞ്ഞു.
'' ഇത്ര നേരത്തെ വയ്യ. ഞങ്ങള് തൃശ്ശൂരില്‍ നിന്ന് കഴിച്ചോളാം''.
'' അച്ഛന് പത്തന്‍സില്‍നിന്ന് റോസ്റ്റ് കഴിക്കാന്‍ വേണ്ടിയിട്ടാണ്''
മകന്‍ കളിയാക്കി.
''അതാ മോഹംച്ചാല്‍ അങ്ങിനെ ആവട്ടെ. പക്ഷെ ഒരു ഇഡ്ഢലിയും ചായയും കഴിച്ചിട്ടു പോയാല്‍ മതി. വെറും വയറോടെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പാടില്ല എന്നാ പറയാറ്''.

രാവിലെ കഴിക്കേണ്ട മരുന്നുകളും അതിനു മീതെ ഭാര്യ നല്‍കിയ ആഹാരവും കഴിച്ച് അവർ നീട്ടിയ മുണ്ടും ഷര്‍ട്ടും ധരിച്ച് കേരളേട്ടൻ ഇറങ്ങുമ്പോഴേക്കും മകന്‍ റെഡിയായി നില്‍ക്കുന്നു.
''രണ്ടാളല്ലേ ഉള്ളൂ. നാനോ പോരേ'' മകന്‍ ചോദിച്ചു.
''വലുതന്നെ എടുത്തോ. അച്ഛന്‍ ക്ഷീണിക്കണ്ടാ''  ഭാര്യ പറഞ്ഞതും അവന്‍ ഷെഡ് തുറന്ന് ടാറ്റാ സുമോ ഗ്രാന്‍ഡെ ഇറക്കി.
''ഏതു വഴിക്കാ പോവേണ്ടത്''
വലിയ വരമ്പു കഴിഞ്ഞ് റോഡില്‍ കയറിയതും മകന്‍ ചോദിച്ചു. ഷൊര്‍ണ്ണൂര്‍ വടക്കാഞ്ചേരി വഴി തൃശ്ശൂരിലേക്ക് ചെല്ലാം. ആലത്തൂര്‍ വടക്കഞ്ചേരി വഴി നാഷണല്‍ ഹൈവേയിലൂടേയും പോവാം.
''ഏതിലെയായാലും വിരോധമില്ല''
''എന്നാല്‍ ഹൈവേ വഴിക്കുതന്നെ ആവാം''.
പൊളിഞ്ഞുപോയ സിനിമാ തിയ്യേറ്റര്‍ കഴിഞ്ഞ് രണ്ടാമത്തെ പുഴയുടെ അരികിലെത്തുമ്പോഴേക്ക് മഞ്ഞ് കനത്തിരിക്കുന്നു.
''വല്ലാത്ത മഞ്ഞ്'' മകന്‍ പറഞ്ഞു
''കുപ്പിയിലെ വെളിച്ചെണ്ണ തണുത്ത് കട്ടിയായിരുന്നു. ചുടുവെള്ളത്തില്‍വെച്ച് ഉരുക്കിയിട്ടാണ് രാവിലെ ഞാന്‍ തേച്ചത്''.

കോട്ടായി എത്തുമ്പോഴേക്ക് മൊബൈല്‍ ശബ്ദിച്ചു. നോക്കിയപ്പോള്‍ അമ്മാമന്‍റെ മകന്‍ പപ്പയാണ്.
''വിജയേട്ടാ, ഇന്നു വൈകുന്നേരം റിസപ്ഷന്ന് പോണ്ടേ''
''അഞ്ചുമണി മുതല്‍ എട്ടുമണിവരെയല്ലേ ടൈം. നമുക്ക് ആറരയോടെ പോവാം''
''അപ്പോഴേക്കും നമ്മള് വീടെത്ത്വോ'' കാള്‍ കട്ട് ചെയ്തതും മകന്‍ ചോദിച്ചു.
''നാലുമണിയോടെ നമുക്ക് അവിടെ നിന്ന് ഇറങ്ങാം''
'' രണ്ടു മണിക്കൂറു പോരെ വീടെത്താന്‍. അച്ഛന്‍ പങ്കെടുക്കുന്ന എത്രാമത്തെ മീറ്റാണ് ഇന്നത്തേത്..? ''
''തുഞ്ചന്‍പറമ്പില്‍ രണ്ടുതവണ മീറ്റിന്ന് ചെന്നിട്ടുണ്ട്. എറണാകുളത്തും കൊടുങ്ങല്ലൂരിലും ഓരോ പ്രാവശ്യവും''
അപ്പോഴേക്കും മൊബൈല്‍ അടിച്ചു. നോക്കുമ്പോള്‍ കനകചന്ദ്രന്‍.
''ഉണ്ണ്യേട്ടാ, എഴുതി കഴിഞ്ഞ്വോ.?''.
ഹ്യൂമണ്‍ റൈറ്റ്സ് മിഷനുവേണ്ടി ഒരു ലേഖനം എഴുതാന്‍ അയാള്‍ ഏല്‍പ്പിച്ചിരുന്നു. അത് എഴുതിയോ എന്ന് അന്വേഷിച്ചതാണ്.
''എഴുതി കഴിഞ്ഞിട്ട് രണ്ടു ദിവസമായി. ഇന്ന് ഞാന്‍ സ്ഥലത്തില്ല. നാളെ വന്നോളൂ''.
സംഭാഷണം അവസാനിച്ചു.
''രമേഷ് പറഞ്ഞത് എഴുതിയോ'' മകന്‍ ചോദിച്ചു.
മണപ്പുള്ളി കാവ് വേലയ്ക്കുള്ള നോട്ടീസ് എഴുതാന്‍ രമേഷ് ഏല്‍പ്പിച്ചിരുന്നു. അതാണ് ചോദിച്ചത്
''എഴുതി അലമാറയുടെ മുകളില്‍ വെച്ചിട്ടുണ്ട്''.

വാഹനം കുഴല്‍മന്ദത്തെത്തിയപ്പോള്‍ ഡീസല്‍ ഒഴിക്കണ്ടേ എന്ന് കേരളേട്ടൻ അന്വേഷിച്ചു.
''അര ടാങ്കിന്ന് മുകളിലുണ്ട്. വരുമ്പോള്‍ ഒഴിക്കാം''.
ഹൈവേയില്‍ ഒട്ടും തിരക്കില്ല. വണ്ടിയുടെ വേഗം നൂറ് കടന്നു. വീണ്ടും ഫോണ്‍ ചിലച്ചു. ഇത്തവണ സോമനാണ്.
''വിജയേട്ടാ, അമ്പലത്തിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ടില്ല. അവര് പണി മുടക്കും എന്ന് തോന്നുന്നു''.
''നമുക്ക് നാളെ മലബാര്‍ ദേവസ്വം ഓഫീസില്‍ചെന്ന് കാര്യം പറയാം. ഭണ്ഡാരം തുറന്നാല്‍ കൊടുക്കാനുള്ള പൈസ കിട്ടില്ലേ''.
''ഉണ്ടാവും. ആറുമാസമായി തുറന്നിട്ട്''.
''എന്നാല്‍ അങ്ങിനെയാവാം''.
''വേണ്ടാത്ത ഓരോ പുലിവാല് അല്ലേ...?” എല്ലാം കേട്ടിരുന്ന മകന്‍ ചോദിച്ചു.
''നമ്മളുടെ സ്വരൂപം വക ആറേഴ് ക്ഷേത്രങ്ങള്‍ ഉള്ളതുകൊണ്ട് ഒരു മെച്ചമുണ്ട്', മറ്റൊന്നും ഇല്ലെങ്കിലും ഇഷ്ടംപോലെ ദൈവങ്ങള്‍ ഉണ്ടല്ലോ..!''

കുതിരാനിലെത്തിയപ്പോള്‍ കാറില്‍നിന്ന് ഇറങ്ങി റോഡുവക്കത്തുള്ള ഭണ്ഡാരത്തില്‍ പണം ഇട്ടു. വടക്കഞ്ചേരി മുതല്‍ വഴി മോശമാണ്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതേയുള്ളു. വാളയാര്‍ മുതല്‍ വടക്കഞ്ചേരിവരെയുള്ള റോഡുപണി എന്നേ തീര്‍ന്നു. കൊയമ്പത്തൂര്‍ മുതല്‍ വാളയാര്‍ വരെയുള്ള പണിയും ഒന്നുമായിട്ടില്ല.
''ചില കാര്യങ്ങളില്‍ നമ്മള്‍ പാലക്കാടുകാര്‍ മിടുക്കന്മാരാണ്. നമ്മുടെ ഭാഗത്തെ ജോലി എത്ര പെട്ടെന്ന് തീര്‍ന്നു''  മകന്‍ പറഞ്ഞത് കേരളേട്ടൻ ശരി വെച്ചു.

കാറു നിര്‍ത്തി അല്‍പ്പനേരം കുതിരാനില്‍ തുരങ്കങ്ങളുണ്ടാക്കുന്ന പണി നോക്കി നിന്നതിന്നു ശേഷം യാത്ര തുടര്‍ന്നു. വീണ്ടും മൊബൈലില്‍ വിളിവന്നു. ഇത്തവണ കൃഷ്ണകുമാറാണ്. കേരളേട്ടന്‍റെ ''സൌമിത്രേയം'' എന്ന നോവലിന്ന് അവതാരികയും കവര്‍ ചിത്രവും അദ്ദേഹമാണ് തയ്യാറാക്കിയത്.
''ദാസേട്ടാ, ഒരു മിസ്ഡ് കാള്‍ കണ്ടല്ലോ'' അദ്ദേഹം പറഞ്ഞു.
''ഇന്ന് തൃശ്ശൂരില്‍ ഒരു ബ്ലോഗ് മീറ്റുണ്ട്. കെ.കെ. വരുന്നോ എന്ന് ചോദിക്കാന്‍ വിളിച്ചതാണ്''.
''സോറീട്ടോ. ഇന്ന് ഒരുപാട് തിരക്കുണ്ട്''.
''അച്ഛന് ഇന്നത്തെ മീറ്റില്‍ പങ്കെടുക്കുന്നവരെ പരിചയമുണ്ടോ''
പൊടുന്നനെ മകന്‍ ചോദിച്ചു.
''സത്യം പറഞ്ഞാല്‍ സാബു കൊട്ടോട്ടിയെ മാത്രമേ നേരിട്ടറിയൂ. നല്ലൊരു സംഘാടകനാണ് അദ്ദേഹം.  വി.കെ.അശോകനേയും സുധിയേയും ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ട്. വിനുവേട്ടനുമായി മെയിലിലൂടെ വിവരങ്ങള്‍ കൈമാറാറുണ്ട്''.
''അവിടെ ചെന്ന് അബദ്ധമാവ്വോ''.
''എന്തബദ്ധം. നമ്മള്‍ എത്തിയതും ഭക്ഷണം കഴിക്കും. എന്നിട്ട് യോഗ സ്ഥലത്തേക്ക് പോവും''.
''സ്ഥലം എവിടെയാണെന്ന് ചോദിച്ചിട്ടുണ്ടോ..?''.
''സ്ഥലമൊക്കെ പറഞ്ഞിരുന്നെങ്കിലും പരിചയമുള്ള പേരല്ല കേട്ടിട്ട്. ഇന്നലെ ഞാന്‍ സുധിയെ വിളിച്ചിരുന്നു. ഒമ്പതു മണിയോടെ അയാളും വി.കെ.യും റൌണ്ടില്‍ ഉണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട്. ദൂരെ നിന്ന് എത്തുന്നവര്‍ക്ക് സ്ഥലമറിയില്ലെങ്കില്‍ അവര്‍ക്ക് വഴി പറഞ്ഞു കൊടുക്കുകയോ കൂടെ കൂട്ടിക്കൊണ്ടു പോവുകയോ ചെയ്യാന്‍ അവര്‍ രണ്ടാളും ഉണ്ടാവും''.
''ആരാ ഈ സുധി''.
''മീറ്റിന്‍റെ സംഘാടകനാണ്. നിന്നെക്കാള്‍ പത്തു വയസ്സിന്ന് ഇളയതാണ് ആ കുട്ടി. എന്നെ സ്നേഹത്തോടെ കേരളേട്ടാ എന്നാണ് വിളിച്ചിരുന്നത്. എന്തോ എനിക്ക് അതത്ര പിടിച്ചില്ല. അങ്കിള്‍ എന്ന് വിളിച്ചാല്‍ മതി എന്ന് ഞാന്‍ പറഞ്ഞു കൊടുത്തു''.
''എന്നാല്‍ ഭക്ഷണം കഴിഞ്ഞതും അവരെ വിളിച്ചോളൂ. നമ്മളുടെ കൂടെ ആരെങ്കിലും വരുന്നെങ്കില്‍ വന്നോട്ടെ. എട്ടോ ഒമ്പതോ പേര്‍ക്ക് കാറില് സുഖമായി ഇരിക്കാലോ''.
''അങ്ങിനെ ചെയ്യാം. ഏതായാലും അവരുള്ളതുകൊണ്ട് നമ്മള് സ്ഥലം അറിയാതെ ബുദ്ധിമുട്ടേണ്ടി വരില്ല''.

എന്നാല്‍ അതല്ല ഉണ്ടായത്. ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയശേഷം സുധിയെ വിളിച്ചു. മൊബൈല്‍ സ്വിച്ചോഫ്. അടുത്തതായി വി.കെ.യെ വിളിച്ചു
''കേരളേട്ടാ, സുധിയെ ഞാനും വിളിച്ചു. കോട്ടയത്തു നിന്ന് പുറപ്പെട്ടു എന്നു പറഞ്ഞു. പിന്നെ വിവരമൊന്നുമില്ല. വിളിച്ചു നോക്കുമ്പോള്‍ മൊബൈല്‍ സ്വിച്ചോഫാണ് എന്ന് പറയുന്നു. ഞാനിപ്പോള്‍ സുധിയെ കാത്ത് അങ്കമാലിയില്‍ നില്‍പ്പാണ്''.
''ഞാനെന്താ ചെയ്യേണ്ടത്..?''
''വിഷമിക്കേണ്ടാ. ഞാന്‍ വിനുവേട്ടനെ വിളിച്ചു പറയാം. അദ്ദേഹം ഉടനെ അവിടെയെത്തും''.
റൌണ്ടിലെ ഒരു ഓരത്ത് കാറുനിര്‍ത്തി അവർ വിനുവേട്ടനെ കാത്തു നിന്നു.

                                                2


“ഹല്ലോ.. സുധിയല്ലെ...?”
“അതെ.. ങാ അക്കോ,  എപ്പഴാ പുറപ്പെടാ..?”
“നിങ്ങളെപ്പഴാ കയറാ.. ആ വണ്ടിയിൽത്തന്നെ ഞാൻ അങ്കമാലിയിൽ നിന്നും കയറിക്കോളാം...”
“എങ്കിൽ ഞങ്ങൾ കോട്ടയം സ്റ്റാണ്ടിൽ നിന്നും ആറുമണിക്കുള്ള കോഴിക്കോട് ഫാസ്റ്റിന് കയറിക്കോളാം..”
“ഈ ഞങ്ങൾ ആരൊക്കെയാ...?”
“ഞാനും അനുവും. അവൾ ഒറ്റക്ക് വരൂല്ലാന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാ ഒരുമിച്ച് വരാമെന്ന് വച്ചത്..”
“അപ്പോൾ ദിവ്യയോ...?”
“അവൾ കോഴിക്കോട്ടാ. അവൾ തൃശ്ശൂർ റെയിൽ‌വേ സ്റ്റേഷനിൽ വരും. അവിടന്ന് കൂട്ടണം..”
“എങ്കിൽ ശരി... ഞാൻ അങ്കമാലിയിൽ നിന്നും നിങ്ങളുടേ വണ്ടിയിൽ കയറിക്കോളാം.. വിനുവേട്ടനും ബിലാത്തി മുരളിച്ചേട്ടനും കൂടി തൃശ്ശൂർ ബസ്സ്റ്റാന്റിൽ വാഗണറുമായി കാത്തുകിടക്കാമെന്നു പറഞ്ഞിട്ടുണ്ട്. എന്നിട്ട് എല്ലാവർക്കും കൂടി യോഗസ്ഥലത്തേക്ക് പോകാം...”
“ശരി ..ശരി.. അപ്പോൾ പറഞ്ഞതു പോലെ... ഇനി ഞാൻ ഇവിടന്നു കയറുമ്പോൾ വിളിക്കാം...”

അക്കോ മോബൈൽ പോക്കറ്റിലിട്ട് തന്റെ ചെറിയ ബാക്ക്പാക്കും പുറകിൽ തൂക്കി വെളുപ്പിനേ വീട്ടിൽ നിന്നിറങ്ങി. കാലത്തെ ആയതുകൊണ്ട് വഴിയിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല. നേരം വെളുത്തിട്ടായിരുന്നെങ്കിൽ മെട്രോക്കാരുടെ പണി നടക്കുന്നതു കൊണ്ട് എവിടേയും തടസ്സങ്ങളായിരുന്നേനെ. ഒരു മണിക്കൂർ കൊണ്ടു തന്നെ അങ്കമാലി സ്റ്റാന്റിൽ എത്തി. സുധി വരാൻ ഇനിയും സമയമുണ്ട്.

ചായയും കുടിച്ച് ഇന്നത്തെ പത്രവും വാങ്ങി ഒരു കസേരയിൽ ഇരുന്ന് പത്രവായന തുടങ്ങി. ഒരു സിനിമാ നടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമവും അതിന്റെ അനന്തരഫലങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ‌പേജുകൾ മുഴുവൻ.  നാലാളറിയുന്ന ഇത്തരം സെലിബ്രിറ്റികൾക്കു പോലും ജീവിതം സാദ്ധ്യമല്ലെങ്കിൽ, സാധാരണക്കാരുടെ ജീവിതാവസ്ഥ എന്തായിരിക്കും. പകുതി വായിച്ചു തീർന്നിട്ടും സുധിയുടെ വണ്ടി വന്നിട്ടില്ല. ഏതാണ്ട് എട്ടു മണി കഴിഞ്ഞിട്ടാണ് കോട്ടയത്തു നിന്നുള്ള കോഴിക്കോട് ഫാസ്റ്റ് സ്റ്റാന്റിൽ വന്നു നിന്നത്. ഇറങ്ങുന്ന യാത്രക്കാരെ ശ്രദ്ധിച്ച് ബാഗും പുറത്തു തൂക്കി അടുത്തേക്കു ചെന്നു. സുധിയെ അതിനകത്ത് കണ്ടില്ല. രണ്ടു സ്റ്റെപ്പ് അകത്തു കയറി നോക്കി. ഇല്ല.. സുധിയോ അനുവോ അതിനകത്തില്ലായിരുന്നു...?!

അക്കോ പുറത്തിറങ്ങി സുധിയെ മോബൈലിൽ വിളിച്ചു. റിംഗ് ചെയ്യുന്നുണ്ടെങ്കിലും  എടുക്കുന്നില്ല. ബസ്സ് വന്നു, ഞാൻ കയറാൻ പോകുകയാണെന്ന് പറഞ്ഞ സുധിക്ക് എന്തുപറ്റി...?
ഇടക്കെവിടെ നിന്നോ ഈ ബസ്സിൽ കയറുമെന്നു പറഞ്ഞ അനുവിനും എന്തു പറ്റി..?
ബസ്സിനകത്ത് കയറണോ വേണ്ടയോയെന്ന് നിശ്ചയമില്ലാതെ അക്കോ ഒരു നിമിഷം പകച്ചു. വീണ്ടും സുധിയെ വിളിച്ചെങ്കിലും, എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനിടയിൽ കോഴിക്കോട് ഫാസ്റ്റ് ഹൈവേയിലേക്ക് നീങ്ങി. അതും നോക്കി നിൽക്കാനേ അക്കോക്ക് കഴിഞ്ഞുള്ളു.

അപ്പോഴാണ് മോബൈൽ ശബ്ദിച്ചത്. പെട്ടെന്നെടുത്തു നോക്കി. സുധിയായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ, കേരളേട്ടനായിരുന്നു. അവർ തൃശ്ശൂരെത്തിയിരിക്കുന്നു. ഉടനെ വിനുവേട്ടനെ വിളിച്ച് കേരളേട്ടനുമായി ബന്ധപ്പെടാൻ പറഞ്ഞു.

                                                            3


അനു വണ്ടിയിൽ കയറാമെന്നു പറഞ്ഞ സ്റ്റോപ്പിൽ ബസ്സ് നിറുത്തിയെങ്കിലും അനുമാത്രം അവിടെയില്ലായിരുന്നു. പതിനഞ്ചു മിനിട്ടു മുൻപു സുധിയെ വിളിച്ച് താനിവിടെ സ്റ്റോപ്പിൽ നിൽ‌പ്പുണ്ടെന്നും സുധി വണ്ടിയിൽ കയറിയെന്നും ഉറപ്പു വരുത്തിയിരുന്നതാണ്.
പിന്നവളെവിടെപ്പോയി...?
ഒന്നും മനസ്സിലാകാത്തതു കൊണ്ട് തൃശ്ശൂർക്ക് ടിക്കറ്റെടുത്ത സുധി അവിടെയിറങ്ങി. അവിടെ കടകൾ പൊതുവേ കുറവാണ്. ഒരു ചായക്കടയും അടഞ്ഞു കിടക്കുന്ന രണ്ടു മൂന്നു കടകളും മാത്രമേയുള്ളു. റോഡിന്നിരുവശവും റെബ്ബർത്തോട്ടങ്ങളാണ്. നേരം വെളുത്തു വരുന്നതേയുള്ളെങ്കിലും ആകെ ഇരുളടഞ്ഞതു പോലെയാണ്. ചായക്കടയിൽ കയറി ചോദിക്കാമെന്നു വിചാരിച്ച് രണ്ടടി നടന്നെങ്കിലും, പെട്ടെന്നു തോന്നിയ അങ്കലാപ്പിൽ ഒന്നു നിന്നു.
എന്തു പറഞ്ഞു ചോദിക്കും..?
അനു ഇവിടെ വന്നിരുന്നോയെന്നോ..?
അതിന് അവളുടെ ശരിയായ പേര് അനുവെന്നാണെന്ന് എങ്ങനെ ഉറപ്പിക്കും...?
വാട്ട്സപ്പിൽ ശരിയായ പേരു കൊടുക്കണമെന്ന് നിർബ്ബന്ധമൊന്നുമില്ലല്ലൊ. തന്നെയുമല്ല, ഒരു പക്കാ ഗ്രാമാന്തരീക്ഷമുള്ള അവിടെയിറങ്ങി ഒരു പെൺകുട്ടിയെപ്പറ്റി ചോദിച്ചാൽ ചിലപ്പോൾ വിവരമറിയും..!
അവിടെ അടുത്തെങ്ങും വീടുകളുമില്ല. സുധി വീണ്ടും അനുവിന് ഫോൺ ചെയ്തു നോക്കി. പഴയതു പോലെ തന്നെ, റിംഗ് ചെയ്യുന്നുണ്ട് ആരും എടുക്കുന്നില്ല.  വീണ്ടും അനുവിനെ വിളിച്ചു നോക്കി. ഒരു ഫലവുമുണ്ടായില്ല.

സുധിയുടെ ചിന്തകൾ കാടു കയറാൻ തുടങ്ങി.
ഒറ്റപ്പെട്ടൊരു സ്ഥലത്ത് സുന്ദരിയായ പെൺകുട്ടി ഒറ്റക്ക്  വന്നുപെട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർത്തതും സുധി ഒന്നു നടുങ്ങി. കോട്ടയം സ്റ്റാന്റിലെ ടീവിയിലെ കാലത്തെയുള്ള ഞെട്ടിക്കുന്ന ന്യൂസും കണ്ടിട്ടാണ് ബസ്സിൽ കയറിയത്. ആളുകളറിയുന്ന ഒരു സിനിമാ നടിയായ പെൺ‌കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. അപ്പോൾ പിന്നെ പാവപ്പെട്ടൊരു ഗ്രാമീണ പെൺകുട്ടിയുടെ കാര്യം പറയണോ...!?

താനാണവളുടെ അവസാനത്തെ കോളറായി വിളിച്ചിട്ടുണ്ടാകുക. വല്ല അന്വേഷണവും വന്നാൽ ഞാനകത്തായതു തന്നെ...!
അപ്പോഴേക്കും ശരീരം വിറക്കാനും വിയർക്കാനും തുടങ്ങി. അനുവിന്റെ നമ്പറിൽ വീണ്ടും വിളിച്ചിട്ടും റിംഗ് ചെയ്യുന്നതല്ലാതെ ഒരു മറുപടിയും ഇല്ല. അടുത്ത വണ്ടിയിൽ കയറി അങ്കമാലിയിൽ അക്കോയുടെ അടുത്തേക്ക് പോയാലോയെന്ന് ചിന്തിച്ചു. അനുവിന്റെ വിവരമറിയാതെ എങ്ങനെയാണ് പോകുക. വല്ല അത്യാപത്തും പിണഞ്ഞതാണെങ്കിലോ...?
ശ്ശെ... ആകെ ധർമ്മസങ്കടത്തിലായല്ലൊ...

ചായ കുടിക്കാനായി കാർന്നോന്മാർ ഓരോരുത്തരായി വരാൻ തുടങ്ങിയിരുന്നു. സുധിയും കയറിയിരുന്ന് ഒരു ചായപറഞ്ഞു. ചായക്കടക്കാരൻ ചായ കൊണ്ടു വച്ചപ്പോൾ സുധിയെ സൂക്ഷിച്ചൊന്നു നോക്കിയതും ചോദിച്ചു.
“ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലൊ...?”  കേട്ടതും സുധി നടുങ്ങിപ്പോയി.
ശരിയാണ്, അതാണ് ഗ്രാമത്തിന്റെ പ്രത്യേകത. ഗ്രാമവാസികൾ എല്ലാവരും പരസ്പ്പരം തിരിച്ചറിയുന്നവരാണ്. അയൽ‌പക്കക്കാരെപ്പോലും പരിചയമില്ലാത്ത പട്ടണവാസികകളെപ്പോലെയല്ല. അതുകൊണ്ടു തന്നെ ചായക്കടക്കാരന്റെ ചോദ്യത്തിന് സൂക്ഷിച്ച് മറുപടി പറഞ്ഞില്ലെങ്കിൽ പണി പാളും. സുധി ചായ ഒരിറക്ക് കുടിച്ചിട്ട് സാവധാനം പറഞ്ഞു.
“എനിക്ക് മൂന്നാറിനു പോകണമായിരുന്നു. വണ്ടി മാറിക്കയറിയത് ഇവിടെ വന്നപ്പോഴാണ് അറിഞ്ഞത്...”

സംഗതിയുടെ കിടപ്പ് ചായക്കടക്കാരന് പിടികിട്ടിയെന്നു തോന്നുന്നു. അയാൾ പിന്നൊന്നും ചോദിക്കാതെ തന്റെ ജോലിയിലേക്ക് തിരിഞ്ഞത് ഒരു കണക്കിന് ഭാഗ്യമായി. ചായ കുടിച്ചിരിക്കുമ്പോഴും സുധിയുടെ ചിന്തകൾ പായുകയായിരുന്നു.
‘എന്നാലും ഈ അനു എവിടെപ്പോയി... ഇത്ര നേരമായിട്ടും വരാത്തതെന്താ...?’

റബ്ബർ തോട്ടത്തിനിടയിലൂടെ വീതി കുറഞ്ഞ വഴിത്താരകൾ റോഡിനിരുവശത്തുമുണ്ട്. അനുവിന്റെ വീട് റോഡിനപ്പുറമാണോ ഇപ്പുറമാണോ...? ദിശയറിയാതെ എങ്ങനെയാണ് അന്വേഷിച്ചു പോകുക. തന്നെയുമല്ല, ഇനിയും ഈ നാൽക്കവലയിൽ തങ്ങുന്നത് നല്ലതിനല്ല. എത്രയും വേഗം ഇവിടന്നു പോകണം. പക്ഷേ, അനുവിന്റെ ഒരു വിവരവും അറിയാതെ എങ്ങനെയാണ് പോകുക.

തൃശ്ശൂരിലെ ബ്ലോഗുമീറ്റിംഗിന് പങ്കെടുക്കണമെന്നും എല്ലാവരേയും നേരിട്ടു കാണണമെന്നും, ബാംഗ്ലൂരിനു പോകുന്ന വഴി വീട്ടുകാരറിയാതെ തൃശ്ശൂരെറങ്ങാമെന്നും , അത് കഴിഞ്ഞ് ബാംഗ്ലൂർക്ക് ട്രെയിനിന് കയറ്റിവിട്ടിട്ടേ സുധി പോകാവൂയെന്നും നേരത്തെ തന്നെ അനു  ചട്ടംകെട്ടിയിരുന്നത് ഓർമ്മയിലെത്തി.
അപ്പോഴാണ് ഫോൺ റിംഗ് ചെയ്തത്. അനുവായിരിക്കുമെന്നു വിചാരിച്ചാണ് എടുത്തത്. വിനുവേട്ടനായിരുന്നു. സുധി നടന്ന സംഭവങ്ങൾ വിശദീകരിച്ചു കൊടുത്തു. ‘അവൾ തിരിച്ചു വിളിക്കാത്തതു കൊണ്ടാണ് സംശയമാകുന്നത്..’ അതും പറഞ്ഞ് സുധിയുടെ ശബ്ദം വിറകൊണ്ടു.
അതോടെ സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നു തുടങ്ങിയിരുന്നു. സുധി ഫോൺ ഓഫാക്കി വച്ച നേരത്താണ് ദിവ്യയുടെ ഫോൺ വന്നത്. കാര്യങ്ങൾ മുഴുവൻ പറയാൻ ചാർജ്ജുണ്ടായില്ല. വിനുവേട്ടനെ വിളിക്കെന്നുമാത്രം പറഞ്ഞു ഫോൺ ഓഫാക്കി.

ദിവ്യ കോഴിക്കോട്ടു നിന്നും തൃശ്ശൂരെത്താമെന്നായിരുന്നു പറഞ്ഞിരുന്നത്. റെയിൽ‌വേസ്റ്റേഷനിൽ സുധി കാത്തു നിൽക്കാമെന്നും. ദിവ്യ വിനുവേട്ടനെ വിളിച്ചപ്പോഴാണ് സുധി ഇനിയും എത്തിയിട്ടില്ലെന്ന് അറിയുന്നത്. അതോടെ ദിവ്യ കാര്യമറിയാതെ സങ്കടപ്പെടാൻ തുടങ്ങി. ബിലാത്തി മുരളിച്ചേട്ടനെ കേരളേട്ടനോടൊപ്പം നിറുത്തിയിട്ട്,  വിനുവേട്ടൻ പോയി ദിവ്യയെ റെയി‌ൽവേസ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടു വന്നു. എല്ലാവർക്കും എല്ലാവരേയും അറിയാമെങ്കിലും പരസ്പ്പരം കാണുന്നത് ആദ്യമാണ്. ബ്ലോഗിൽക്കൂടിയും വാട്ട്സപ്പിൽക്കൂടിയും സുഹൃത്തുക്കളായവർ.  വിനുവേട്ടൻ, സ്വന്തം ഭാര്യ നീലത്താമര, ബിലാത്തി മുരളിച്ചേട്ടൻ, കേരളേട്ടൻ, കേരളേട്ടന്റെ മകൻ പിന്നെ സുധിയുടെ ഭാര്യ ദിവ്യ.

എല്ലാവരും കൂലങ്കുഷമായ ആലോചനയിലും ചർച്ചയിലും ആഴ്ന്നിറങ്ങി. അനുവിനെക്കുറിച്ച് ഒരു വിവരവുമില്ലാതായതാണ് പ്രശ്നമായത്. ഇപ്പോൾ സുധിയെ വിളിച്ചിട്ടും കിട്ടുന്നുമില്ല. സുധിയുടെ ഫോണിന്റെ ചാർജ്ജ് തീർന്നുകാണുമെന്ന് വിനുവേട്ടൻ ഓർമ്മിപ്പിച്ചു. എന്നിട്ടും ദിവ്യയുടെ സങ്കടം മാറുന്നില്ല.
“നമ്മളെ വിശ്വസിച്ച് വീട്ടിൽ നിന്നിറങ്ങിയതാണാ കുട്ടി. അപ്പോൾ അയാളെ കണ്ടെത്തേണ്ട അല്ലെങ്കിൽ എന്താണവിടെ സംഭവിച്ചതെന്നറിയേണ്ട ഒരു ഉത്തരവാദിത്വം നമ്മൾക്കുണ്ട്.”  കൂട്ടത്തിൽ കാർന്നോരായ കേരളേട്ടന്റെ വാക്കുകൾക്ക് എല്ലാവരും അടിവരയിട്ടു.
“എങ്കിൽ‌പ്പിന്നെ സംസാരിച്ച് സമയം കളയണ്ട. നേരെ കോട്ടയത്തിനു വിടാം.”
ബിലാത്തിച്ചേട്ടൻ രണ്ടും കൽ‌പ്പിച്ചിറങ്ങി.
“എന്തായാലും രണ്ടു വണ്ടി വേണ്ടല്ലൊ. സുമോയിലാവുമ്പോൾ ഒരുമിച്ച് പോകാം.” കേരളേട്ടന്റെ നിദ്ദേശം ആരും എതിർത്തില്ല. അതാണ് നല്ലതെന്ന്  എല്ലാവർക്കും തോന്നി.

അവസാനം വിനുവേട്ടന്റെ വാഗണർ റൌണ്ടിൽ ഒഴിഞ്ഞ ഒരിടത്ത് പാർക്ക് ചെയ്തിട്ട് കേരളേട്ടന്റെ ടാറ്റാ സുമോയിൽ എല്ലാവരും കൂടി അനുവിനും സുധിക്കും എന്തുപറ്റിയെന്നറിയാൻ കോട്ടയത്തിനു പോകാൻ തെയ്യാറായി. ആ വിവരം അങ്കമാലിയിൽ നിൽക്കുന്ന അക്കോയെ വിളിച്ചു പറയാനും മറന്നില്ല. അക്കോ അപ്പോൾത്തന്നെ ഈ വിവരം സുധിയുടെ ഫോണിലേക്ക് വാട്ട്സപ്പിൽ മെസ്സേജയച്ചു.
‘താൻ അവിടെത്തന്നെ നിൽക്കുക. ഞങ്ങൾ അങ്ങോട്ടു വരികയാണ്.’
അങ്കമാലിയിൽ നിന്നും അക്കോയെ കയറ്റി അവിടന്ന് ലഘുഭക്ഷണവും കഴിച്ച് വീണ്ടും കോട്ടയത്തിനു വച്ചു പിടിച്ചു

                                                       4


 ഏതാണ്ട് പതിനൊന്നു മണി കഴിഞ്ഞ നേരത്താണ് സുധി പറഞ്ഞ കവലയിൽ എത്തിയത്. സുധി അവിടെ ബസ്റ്റോപ്പിലെ അടക്കാമര ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. എല്ലാവരും എത്തിയതോടെ സുധിയുടെ വിളറിവിരണ്ട മുഖം ഒന്നു തെളിഞ്ഞു. സുധിയെ എല്ലാവരും പരിചയപ്പെട്ടു. അവിടെയിറങ്ങി ചർച്ചയിൽ മുങ്ങി. ദിവ്യയുടെ ഫോൺ വാങ്ങി  സുധി അനുവിനെ വിളിച്ചു. ഇത്തവണ ഫോൺ അവൾ എടുത്തു. കിട്ടിയ വഴി ഒരു മുട്ടൻ തെറിയാണ് സുധിയുടെ വായിൽ വന്നതെങ്കിലും കടച്ചമർത്തി. പിന്നെ സംയമനം പാലിച്ച് സാവധാനം ചോദിച്ചു.
“നീയെവിടാ... നീയെന്താ വരാഞ്ഞെ... നിനക്കെന്താ പറ്റിയേ....?”
സംയമനം ചെറിയ തോതിലൊന്നുമായിരുന്നില്ല കടിച്ചമർത്തിയത്.
സുധി ശരിക്കും വിറക്കൊള്ളുകയായിരുന്നു.
“ഒന്നും പറയണ്ടാ ന്റെ.. സുധി.. വല്ലാത്ത ഒരു ആപ്പിൽ പെട്ടുപോയി. അത് ഞാൻ പിന്നെ പറയാം. ഇപ്പോ‍ൾ ഇതു പറ.. എല്ലാവരും എത്തിയോ...? എല്ലാവരേയും കണ്ടുവോ... മീറ്റിംഗ് തുടങ്ങിയോ...?”
സുധി ഫോൺ ചെവിയിൽ നിന്നും മാറ്റി അകത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു. ദ്വേഷ്യം ആ മുഖത്തേക്കിരച്ചു കയറി.
“അവക്കിപ്പോൾ അതറിയാഞ്ഞിട്ടാ സൂക്കേട്. ഇവിടെ മനുഷ്യൻ നിലത്ത് നിൽക്കാതെ തീപിടിച്ച് നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി...!”

ദ്വേഷ്യം വന്നാൽ എന്തുണ്ടാവുമെന്നറിയാവുന്ന ദിവ്യ, കണവന്റെ വിറപൂണ്ട കൈകളിൽ നിന്നും ഫോൺ പിടിച്ചു വാങ്ങി സംസാരിക്കാൻ തുടങ്ങി.
സുധി മറ്റുള്ളവരോടായി പറഞ്ഞു.
“അവൾ എവിടെയാണെന്നതിനല്ല മറുപടി പറയുന്നത്. അവിടെ ബ്ലോഗ് മീറ്റിംഗ് എങ്ങനെയുണ്ട്, എല്ലാവരും എത്തിയോ, എല്ലാവരേയും പരിചയപ്പെട്ടോ.. ഇതൊക്കെയാ അറിയേണ്ടതെന്ന്....”
ബിലാത്തിച്ചേട്ടൻ പറഞ്ഞു.
“അവൾക്ക് അതിൽ പങ്കെടുക്കാൻ അത്രയേറെ ആശയുണ്ടായിരുന്നൂന്നല്ലെ അതിനർത്ഥം. നീ അവളെ അന്വേഷിച്ച് ഇവിടെയിറങ്ങിയതൊന്നും അവളറിയുന്നില്ലല്ലൊ. അവളെ കാണാതായപ്പോൾ നീ ആ വണ്ടിക്ക് തന്നെ തൃശ്ശൂർക്ക് പോയെന്നായിരിക്കും അവൾ കരുതിയിരുന്നത്...”
അതായിരിക്കാം സംഭവിച്ചതെന്ന് എല്ലാവർക്കും മനസ്സിലായി. അതോടെ സുധിയുടെ രോഷം കുറച്ചു ശമിച്ചു.

ദിവ്യ സ്വൽ‌പ്പം മാറി നിന്ന് അനുവുമായി സംസാരിക്കുന്നുണ്ടായിരുന്നു അപ്പോഴും. ഏറെക്കഴിഞ്ഞാണ് ദിവ്യ ഫോൺ സംസാരം അവസാനിപ്പിച്ചത്. ദിവ്യ എന്താണ് പറയാൻ പോകുന്നതെന്നറിയാനായി എല്ലാവരും ചെവിയോർത്തു.
“പാവം, അവളെ ചീത്ത പറയണ്ടാട്ടൊ ആരും. അവൾ പോകാനായി ഇവിടെ വന്ന് നിന്നതാ. ബസ്സു വരാൻ അഞ്ചു മിനിട്ടു കൂടിയുള്ളപ്പോഴാ ഒരു കാർ ഇവിടെ കൊണ്ടു വന്നു നിറുത്തി. അതിലവളുടെ അമ്മാച്ചനും കുടുംബവും. അവരങ്ങു പാലായിൽ നിന്നും വരുന്നവരായിരുന്നു. അനു വെളുപ്പിനു തന്നെ പോകുമന്നറിഞ്ഞിട്ടു തന്നെയായിരുന്നു അവരുടെ വരവും. അതല്ല രസം,  അമ്മാച്ചനും കുടുംബവും ഇന്നു വരുമെന്നറിഞ്ഞിട്ടു തന്നെയായിരുന്നു അനു വെളുപ്പിനേ തന്നെ ഇവിടം വിടാൻ ശ്രമിച്ചതും...!?”
“അപ്പോ.. അമ്മാച്ചനും മരുമോളും കൂടി  ഒളിച്ചു കളിയായിരുന്നുവല്ലെ...?” വിനുവേട്ടന്റെ ചോദ്യം എല്ലാവരിലും ചിരിയുണർത്തി. ദിവ്യ വീണ്ടും പറഞ്ഞു തുടങ്ങി.
“എന്താ കാര്യംന്നു വച്ചാ... അനുവിനോട് കല്യാണം കഴിക്കാൻ പറയുമ്പോഴൊക്കെ അവളൊഴിഞ്ഞു മാറും. പറ്റുമെങ്കിൽ പെണ്ണു കാണാൻ വരുന്നതിനു മുന്നേ അവൾ ബാംഗ്ലൂർക്ക് മുങ്ങും. ഇതായിരുന്നു പതിവ്. ഇത്തവണ അവളുടെ വീട്ടുകാരും ആമ്മാച്ചനും കൂടി പറ്റിച്ച പണിയാ ഇന്നത്തേത്. ഇവിടെ വന്ന് അമ്മാച്ചനും കുടുംബവും ബലമായിട്ട് പിടിച്ചകത്തിട്ട് കൊണ്ടു പോയി. കാറിൽ കയറിയപ്പോൾത്തന്നെ അവളുടെ ഫോൺ അവർ തട്ടിപ്പറിച്ചെടുത്തു...”
സുധിയുടെ ദ്വേഷ്യമൊക്കെ എവിടെ പോയെന്നറിയില്ല. ദിവ്യ പറഞ്ഞു നിറുത്തിയപ്പോൾ തന്നെ സുധി ഫോൺ വാങ്ങി വീണ്ടും വിളിച്ചു.
“ എടീ.. ആ ബസ് സ്റ്റോപ്പിന്റെ  ഏതുവശത്താ നിന്റെ വീട്...?”
“ആ ഷെഡ്ഡില്ലെ.. അതിന്റെ നേരെ എതിർ വശത്തേക്കൊരു ചെറിയ റോഡില്ലെ.  അതിലേ വരണം എന്റെ വീട്ടിലേക്ക്. അവിടന്നു നോക്കിയാൽ കാണാം എന്റെ വീട്. ഒരു നീല പെയിന്റടിച്ച മതിലാ..”
സുധി കൈ ചൂണ്ടിക്കാണിച്ച വശത്തേക്ക് എല്ലാവരും നോക്കി. അവിടെ നീല പെയിന്റടിച്ച മതിലിന്റെ ഒരു ഭാഗം റബ്ബർത്തോട്ടങ്ങൾക്കിടയിൽ കാണാം.

എല്ലാവരും കാറിൽ കയറി ആ നീല പെയിന്റടിച്ച വീട് ലക്ഷ്യമാക്കി തിരിച്ചു. സുധി സംസാരം നിറുത്താതെ തന്നെ അനുവുമായി സംസാരിച്ചു കൊണ്ടിരുന്നു. ഗേറ്റിന്റെ മുന്നിലെത്തിയതും കണ്ടു, അനു മുൻവശത്തെ നടക്കല്ലിലിരുന്ന് ഫോണിൽ സംസാരിക്കുന്നത്. റെബ്ബർ തോട്ടങ്ങൾക്കിടയിൽ സാമാന്യം തരക്കേടില്ലാത്ത ഒരു വാർക്ക വീടായിരുന്നു അത്. പുതുതായി പെയിന്റടിച്ച് ഭംഗിയാക്കിയിരുന്നു.

ഗേറ്റിന്റെ മുന്നിൽ കാർ നിറുത്തി സുധി ആദ്യം ഇറങ്ങി.  അനു അത് കാണുന്നുണ്ടെങ്കിലും ഗൌനിക്കുന്നില്ല. ഫോണിൽ സുധിയോടുള്ള സംഭാഷണത്തിലാണ് മനസ്സ്. പിന്നാലെ ദിവ്യയിറങ്ങുന്നതു കണ്ടിട്ടും ഗൌനിക്കാതെ ഫോൺ സംഭാഷണം തുടർന്നെങ്കിലും അവൾ പതുക്കെ എഴുന്നേക്കാൻ തുടങ്ങി. അതോടെ സംസാരം നിലച്ചു. ഫോൺ ചെവിയിൽ തന്നെ പിടിച്ചു കൊണ്ടിരിക്കുകയാണ്. വണ്ടിയിൽ നിന്നും കൂടുതൽ ആളുകൾ ഇറങ്ങുന്നതു കണ്ടതോടെ അനുവിന്റെ ചങ്കൊന്നു പിടച്ചു. മുന്നോട്ടൊന്നു നീങ്ങിയതാണെങ്കിലും പെട്ടെന്ന് രണ്ടടി പിന്നോട്ടം വച്ചു. പിന്നെ തോന്നി സുധിയല്ലെ അത്...? അയ്യോ.. ദിവ്യ...!?
സുധി ഫോണിലൂടെ തന്നെ പറഞ്ഞു.
“അതേടി. ഞാൻ തന്നെ. ഞാൻ മാത്രമല്ല, ഞങ്ങളെല്ലാവരുമുണ്ട്. ഇത്രയും നേരം നീ ഞങ്ങളെയിട്ട് വട്ടം കറക്കിയതിന് നിനക്കിട്ടൊരു പണി തരാൻ കണക്കാക്കിയാ വരുന്നത്...!?”

കണ്ണൂ തള്ളി നിൽക്കുന്ന അനുവിനെ നോക്കി എല്ലാവരും ഗേറ്റ് കടക്കാൻ തുടങ്ങിയതും, അനുവിന്റെ വെപ്രാളം ചിരിക്കു വക നൽകി. അനു വെപ്രാളപ്പെട്ട് അകത്തേക്കു നോക്കും പിന്നെ പുറത്തേക്കു നോക്കും. എന്തോ കണ്ട് വല്ലാതെ ഭയപ്പെട്ടതു പോലുള്ള അനുവിന്റെ മുഖം ഏറെ നേരം കണ്ടു നിൽക്കാനായില്ല. എന്നെയിട്ട് വട്ടം കറക്കിയതിന് ഒരു പണി കൊടുക്കണമെന്നു  പറഞ്ഞു വന്ന സുധിയുടെ മനസ്സ് തന്നെ ആദ്യം അലിഞ്ഞു. അനുവിന്റെ മുഖത്തൊരു പുഞ്ചിരി കളിയാടിയെങ്കിലും പിന്നാലെ വരുന്ന അപരിചിതരെ കണ്ട് മുഖം വീണ്ടും വിളറി. അപ്പോഴേക്കും വാതിൽക്കലും ജനാലക്കലും കൊച്ചു കൊച്ചു മുഖങ്ങളും വലിയ മുഖങ്ങളും നിരക്കാൻ തുടങ്ങി. അടുത്ത ഏതോ പെണ്ണുകാണൽ പാർട്ടിയാണെന്നായിരിക്കും അവരെല്ലാം ധരിച്ചത്.

എല്ലാവരും അനുവിന്റെ ചുറ്റും കൂടി വളഞ്ഞു നിന്നു. അനുവിന്റെ അമ്പരപ്പു കുറക്കുകയായിരുന്നു ഉദ്ദേശം. അപ്പഴേക്കും അനുവിന്റെ അപ്പച്ചൻ ഇറങ്ങി വന്നു. അനുവിന്റെ കൂട്ടുകാരാണെന്നറിഞ്ഞതോടെ അവരുടെ അമ്പരപ്പ് കൂടി. ഞങ്ങളെ അകത്തേക്ക് വിളിച്ച് ഇരിക്കാൻ പറഞ്ഞു.
“ഇതാരൊക്കെയാണെന്നു പറഞ്ഞു താ മോളേ...?”
അതു കേട്ട് അനു നിന്ന് വിളറി. ഇതാരൊക്കെയാണെന്ന് തനിക്കു പോലും അറിയില്ല. ആകെ സുധിയേയും ദിവ്യയേയും മാത്രമേ ഫോട്ടോ കണ്ടെങ്കിലും പരിചയമുള്ളു. മറ്റുള്ളവരെയൊന്നും ഒരു പരിചയവും തോന്നുന്നില്ല. അനുവിന്റെ ചളിപ്പു കണ്ട് അക്കോ സഹായത്തിനെത്തി. അക്കോ കസേരയിൽ നിന്നെഴുന്നേറ്റ് നിന്നിട്ട് അനുവിന്റെ അപ്പച്ചനെ നോക്കി പറഞ്ഞു.
“ ആദ്യം തന്നെ നിങ്ങളോടെല്ലാവരോടും ഞങ്ങൾ ക്ഷമ ചോദിക്കുന്നു. കാരണം, ഒരു മുന്നറിയിപ്പുമില്ലാതെയുള്ള ഈ വരവിന്. സത്യത്തിൽ അനുവിനു പോലും അറിയില്ല, ഞങ്ങളിന്നു വരുമെന്ന്...!”
അനുവിന്റെ ബന്ധുക്കൾ എല്ലാവരും അനുവിനെ നോക്കി കണ്ണുരുട്ടി. അനുവിന്റെ അപ്പച്ചൻ പറഞ്ഞു.
“അതു സാരമില്ല. എന്തായാലും അനുവിനൊപ്പം ജോലി ചെയ്യുന്നവരാണല്ലൊ. നിങ്ങൾ വന്നതിൽ സന്തോഷമേയുള്ളു.”
“ക്ഷമിക്കണം, ഞങ്ങൾ അനുവിനൊപ്പം ജോലി ചെയ്യുന്നവരല്ല...!?”
എല്ലാവരും അകാംക്ഷാഭരിതരായി അക്കോയെത്തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അക്കോ തുടർന്നു.
“ഇതിൽ മറ്റൊരു അത്ഭുതവും കൂടി നിങ്ങളോട് പറയേണ്ടതുണ്ട്.”
അക്കോ എല്ലാ മുഖങ്ങളിലും ഒന്നുകൂടി നോക്കിയിട്ട് സാവധാനം തുടർന്നു.
“ഞങ്ങളല്ലാവരും പരസ്പ്പരം അറിയുന്നവരും എപ്പോഴും സംസാരിക്കുന്നവരും ദിവസേന മെസ്സേജുകൾ കൈമാറുന്നവരുമാണ്. പക്ഷേ, ഞങ്ങൾ പരസ്പ്പരം കാണുന്നത് ഇന്നാണ്...!!?”
അമ്പരപ്പാർന്ന മുഖങ്ങളിൽ കണ്ണുകൾക്ക് വികാസം കൂടി. അത്രയും നേരം നിൽക്കുകയായിരുന്ന അപ്പച്ചൻ ഒരു കസേര വിലിച്ചിട്ടിരുന്ന് വിയർത്ത മുഖമൊന്ന് അമർത്തി തുടച്ചു.

ഇനിയും ആകാംക്ഷ വേണ്ടെന്നു കരുതി അക്കോ ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങി.
“ ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും കാർന്നോർ എന്നു പറയാവുന്നത് ഞങ്ങളുടെ കേരളേട്ടനാണ്. പാലക്കാടാണ് സ്വദേശം. ഇലക്ട്രിസിറ്റി ബോഡിൽ നിന്നും റിട്ടയർ ആയി സുഖ ജീവിതം നയിക്കുന്നു. ആളു ചില്ലറക്കാരനൊന്നുമല്ലാട്ടൊ. പഴയ വള്ളുവകോനാതിരിയുടെ സാമന്തന്മാരായ ‘എടത്തറ സ്വരൂപ’ത്തിലെ അംഗമാണ്.  കഥയും നോവലുകളും മറ്റും എഴുതുന്നുണ്ട്. അത്തരം എഴുത്തിലൂടെയാണ് ഞങ്ങളുമായി സൌഹൃദം സ്ഥാപിക്കുന്നത്. പിന്നെ തൊട്ടടുത്തിരിക്കുന്നത് അദ്ദേഹത്തിന്റെ മകനാണ്.
അതിനടുത്ത് ഇരിക്കുന്നത്, തൃശ്ശൂരാണ് സ്വദേശമെങ്കിലും ലണ്ടനിൽ സ്ഥിരവാസമുറപ്പിച്ച ഞങ്ങളുടെ മുരളിച്ചേട്ടനാണ്. എഴുത്ത് മാത്രമല്ല നല്ലൊരു മാന്ത്രികനുമാണ്. പിന്നെ എന്റെ മുന്നിലിരിക്കുന്നത് വിനുവേട്ടൻ. തൃശ്ശൂരാണ് വീടെങ്കിലും സൌദിയിലെ ജിദ്ദയിൽ കാൽനൂറ്റാണ്ടായി ജോലിചെയ്യുകയാണ്. നല്ലൊരു വിവർത്തകനാണ്. നോവലുകൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുകയാണ് ഹോബി. തൊട്ടടുത്ത് അദ്ദേഹത്തിന്റെ ഭാര്യ നീലത്താമര.”

അക്കോ ഇങ്ങനെ ഓരോരുത്തരെ പരിചയപ്പെടുത്തുമ്പോൾ അനുവിന്റെ മുഖത്തെ ഭാവപ്രകടനമാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ചില പേരുകൾ പറയുമ്പോൾ മുഖം വികസിക്കും. കണ്ണുകൾ വിടരും. ചിലപ്പോൾ താടിക്ക് രണ്ടു കയ്യും താങ്ങിപ്പിടിച്ചിരിക്കുന്നത് കാണാം. നല്ല പരിചയമാണെങ്കിലും ആദ്യമായിട്ട് കാണുന്നതിന്റെ അമ്പരപ്പ്,  കാഴ്ചക്കാരായ ഞങ്ങൾക്ക് നല്ലൊരു വിരുന്നായിരുന്നു.

അപ്പോഴേക്കും ചായസൽക്കാരത്തിനുള്ള വട്ടങ്ങൾ അവിടെ നിരക്കുന്നുണ്ടായിരുന്നു. ചായ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പച്ചന്റെ വക ഒരു നിർദ്ദേശം.
“എന്തായാലും ഇന്ന് ഉച്ചക്ക് ഊണു കഴിച്ചിട്ടേ എല്ലാവരും പോകാവൂ. ഏതായാലും വളരെ ആശ്ചര്യകരമായ കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്നിവിടെ നടന്ന പെണ്ണുകാണലും അത്തരത്തിലായിരുന്നു. എത്രയോ പേരെ ഇവിടെ വരുത്തിയെന്നറിയാമോ. ഇവൾക്ക് ഒരാളേയും ഇഷ്ടപ്പെടില്ല. ഇവളുടെ കാര്യത്തിൽ അമ്മാച്ചന്മാര് തോറ്റു കിടക്കുകയായിരുന്നു. ഇന്ന് പിടിച്ച പിടിയാലെ ഒരുത്തനെ കൊണ്ടു വന്നു കാണിച്ചു. അതും അവൾക്ക് ഇഷ്ടപ്പെട്ടില്ലെന്ന്...! നല്ല യോഗ്യനായൊരു ചെറുപ്പക്കാരൻ. ഞങ്ങൾ കുടുംബപരമായി വളരെ അടുത്തറിയാവുന്നയാൾ..!”
ഇത്രയുമായപ്പോഴേക്കും കേരളേട്ടൻ ചോദിച്ചു.
“ എന്താ കുട്ടി പ്രശ്നം. ചെറുക്കൻ നല്ല യോഗ്യനും അടുത്തറിയാവുന്നവനുമാണെന്നു പറയുന്നു. അതല്ലെ വേണ്ടത്. പിന്നെന്താ പ്രശ്നം...?”
അനു നാണിച്ചു തലയും താഴ്ത്തി നിന്നതേയുള്ളു. മറ്റുള്ളവരും അതേ ചോദ്യം തന്നെ ചോദിച്ചു. കൂട്ടത്തിൽ കുറച്ച് എടീ പോടീ വിളിക്കാൻ സ്വാതന്ത്ര്യമുള്ള സുധി പറഞ്ഞു.
“ഞാൻ  പറയാം കാര്യം. അവൾക്ക് ബാംഗ്ലൂരിൽ ആരുമായോ അടുപ്പമുണ്ടാകും. അതാ സംഗതി...!”
“ അയ്യോ,  എനിക്ക് അങ്ങനെ ആരുമായും അടുപ്പമില്ല. എന്റെ അപ്പഛനാണെ സത്യം..!”
“പിന്നെന്താ കാര്യമെന്നു പറ....?” സുധി ചൂടായി എഴുന്നേറ്റു.
“ആ ചെക്കന് ഫേസ്ബുക്കും വാട്ട്സപ്പുമൊന്നുമില്ല.  കൊറേ റബ്ബറും കൊറേ ഏലക്കായും കൊറേ കുരുമുളകും മാത്രം.... എനിക്ക് വേണ്ടാ....!!”
അതും പറഞ്ഞ് അനു നിന്ന് ചിണുങ്ങി.
അതു കേട്ടതും അവിടെ ഉണ്ടായിരുന്ന സകലമാന പേരും പൊട്ടിപ്പൊട്ടി ചിരിക്കാൻ തുടങ്ങി. അതൊരു വലിയ കൂട്ടച്ചിരിയിലാണ് അവസാനിച്ചത്. ഇതിനിടക്കെപ്പോഴോ അനു അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു....

 അവസാനിക്കുന്നു...[ബ്ലോഗ്സാപ് കൂട്ടായ്മയിൽ ചില അംഗങ്ങൾ ചേർന്നെഴുതിയ ഈ കഥ ഇവിടെ അവസാനിക്കുന്നു. ഇതിലെ കഥാപാത്രങ്ങളായി അഭിനയിച്ചവരെല്ലാം നമ്മുടെ ‘ബ്ലോഗ്സാപ്പ് കൂട്ടായ്മ’യിലെ അംഗങ്ങൾ തന്നെ. ഇതിൽ അഭിനയിച്ചവർക്കും  അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തന്നു സഹായിച്ച എല്ലാവർക്കും നന്ദി.] 1

ഞാൻ എന്നെ വിളിക്കുന്നത് വിനുവേട്ടൻ എന്നാ...

ബ്ലോഗുകളുടെ സുവർണ്ണ കാലത്ത് അതായത് 2006 - 2007 കാലഘട്ടത്തിൽ ഒരു നാൾ യാദൃച്ഛികമായി വിശാലമനസ്കന്റെ കൊടകരപുരാണം വായിക്കാനിടയായപ്പോഴാണ് എന്തുകൊണ്ട് എനിക്കും ഒരു കൈ നോക്കിക്കൂടാ എന്നൊരു തോന്നലുണ്ടായത്.

അടുത്ത യജ്ഞം ഒരു തൂലികാ നാമം കണ്ടുപിടിക്കുക എന്നതായിരുന്നു. സ്വന്തം പേരിൽ ബൂലോഗത്ത് കുത്തിക്കുറിക്കുന്ന ആരെയും കാണുവാനുണ്ടായിരുന്നില്ല. വിശാലമനസ്കൻ, സങ്കുചിതമനസ്കൻ, ദിൽബാസുരൻ, കുറുമാൻ, കൈതമുള്ള്, കൊച്ചുത്രേസ്യ, അചിന്ത്യ, മാണിക്യം, വല്യമ്മായി, എഴുത്തുകാരി, ഇടിവാൾ, കുട്ടൻമേനോൻ, നിരക്ഷരൻ, സാക്ഷരൻ, നിസ്സാരൻ, കുട്ടിച്ചാത്തൻ അങ്ങനെ അങ്ങനെ ഇടിവെട്ട് പേരുകളുടെ വിളയാട്ടമായിരുന്നു ബൂലോഗത്ത്‌.

അങ്ങനെയാണ് ഞാൻ എന്നെ "വിനുവേട്ടൻ" എന്ന് വിളിക്കുവാൻ തീരുമാനിക്കുന്നത്. അന്ന് ബ്ലോഗുകളിൽ തിളങ്ങി നിൽക്കുന്നവരെക്കാൾ ഇത്തിരി പ്രായം അധികമുള്ളതിനാൽ ഒരു ബഹുമാനമൊക്കെ കിട്ടിക്കോട്ടെ എന്ന കണക്കു കൂട്ടലും എല്ലാവരുടെയും ഏട്ടനായി വിലസുമ്പോൾ ഉള്ള സുഖം ഓർക്കുമ്പോൾ ഉള്ള ആ ഒരു സുഖവും ആ തൂലികാ നാമത്തിന് ഫുൾ മാർക്ക് നൽകി.

അങ്ങനെ 2007 ൽ "തൃശൂർ വിശേഷങ്ങൾ" എന്ന ബ്ലോഗ് ജന്മം കൊണ്ടു. അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തിലെ രസികരായ ചില കഥാപാത്രങ്ങളായിരുന്നു ബ്ലോഗിലെ മിക്ക പോസ്റ്റുകളിലും നിറഞ്ഞാടിയത്. അവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരാൻ പ്രചോദനമായത് എത്ര തവണ വായിച്ചാലും ഇന്നും നമ്മളെ തല കുത്തി നിന്ന് ചിരിപ്പിക്കുന്ന വിശാൽജിയുടെ "കൊടകര പുരാണം" തന്നെയാണെന്ന് നിസ്സംശയം പറയാം.

തൃശൂർ വിശേഷങ്ങളുമായി വിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബൂലോഗത്ത് പുതിയൊരു മേഖല പരീക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുക്കുന്നത്. എൺപതുകളുടെ ആരംഭത്തിൽ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഞാൻ ചെയ്തു വച്ച ഒരു വട്ട്... ഡിഗ്രിക്ക് പഠിക്കുവാനുണ്ടായിരുന്ന ഒരു ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ... അത് ഖണ്ഡശ്ശയായി ബ്ലോഗിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയാലോ എന്നൊരു ആശയം മനസ്സിലൂടെ കടന്നു പോയി. അങ്ങനെയാണ് 2009 ൽ "സ്റ്റോം വാണിങ്ങ്" എന്ന ബ്ലോഗ് ജന്മം കൊള്ളുന്നത്.  അതൊരു തുടക്കമായിരുന്നു. വിലമതിക്കാനാവാത്ത കുറെയേറെ സൗഹൃദങ്ങളാണ് അതെനിക്ക് സമ്മാനിച്ചത്. വിനുവേട്ടൻ എന്ന് കേൾക്കുമ്പോൾ ജാക്ക് ഹിഗ്ഗിൻസ് എന്ന പ്രശസ്ത നോവലിസ്റ്റിനെയും മനസ്സിൽ ഓർമ്മ വരുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന പ്രിയ വായനക്കാർക്ക് തന്നെയാണ്. ജാക്ക് ഹിഗ്ഗിൻസിന്റെ ആറാമത്തെ നോവലിന്റെ വിവർത്തനത്തിലാണ് ഞാൻ ഇപ്പോൾ...ബ്ലോഗുകൾ:


വാക്കു പൂക്കുന്നിടം

 പത്താം ക്ലാസ് പാസായി നേരെ എത്തിയത് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ആണ്. എന്റെ ജീവിതത്തിലെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായി ഞാൻ എത്തപ്പെട്ട സ്ഥലം. ഏക ജാലകം തുടങ്ങിയ കാലഘട്ടം ആണ്, സയൻസ് വിഷയമായി തുടരാൻ ആഗ്രഹുമുള്ളത് കൊണ്ടും മാർക്ക് ഉള്ളതിനാൽ അത് തന്നെ തുടർ പഠനത്തിന് ലഭിക്കുമെന്ന വിശ്വാസവും എന്നെ ട്യൂഷൻ പോകാൻ പ്രേരിപ്പിച്ചു. മാത്രമല്ല അന്ന് ആ സെന്റർ നടത്തിയ പരീക്ഷയിൽ എനക്ക് രണ്ടാം റാങ്ക് കിട്ടുകയും ആകയാൽ ഒരു വർഷത്തെ പഠനം സൗജന്യവുമായിരുന്നു. അങ്ങനെ സ്വാഭാവികമായി പേരാമ്പ്ര എന്റെ പ്രധാന കേന്ദ്രമായി മാറി. എന്നിട്ട് പേരാമ്പ്ര സ്കൂളിൽ പോയി ഏകജാലകം സംവിധാനത്തിന്റെ രീതിയിൽ കടലാസുകൾ നൽകി അലോട്മെന്റ്നായി കാത്തിരുന്നു. ഞങ്ങൾ മൂന്നു പേരിൽ എനിക്കും നവാലിനും പേരാമ്പ്രയും രാമന് നൊച്ചാടും കിട്ടി. ഞാൻ നോക്കിയപ്പോൾ പട്ടാളക്കാരന്റെ മക്കൾക്ക് കിട്ടുന്ന അധികം പോയിന്റ് എന്റെ പ്രൊഫൈലിൽ വന്നില്ല. അത് കാരണം ഞാൻ പേരാമ്പ്ര സ്കൂളിൽ ആയി. അല്ലെങ്കിൽ കുറച്ചു കൂടെ നല്ലതെന്ന് എല്ലാവരും പറയുന്ന നൊച്ചാടേക്ക് ഞാനും രാമൻ പേരാമ്പ്രയും എത്തിപ്പെട്ടേനെ.

ഇനിയാണ് മാറ്റങ്ങളുടെ തുടക്കം. തുടക്കത്തിൽ ആലസ്യത്തോടെ നടന്നു പോയിരുന്ന വിദ്യാഭ്യാസ ദിനങ്ങൾ. അവിടുത്തെ പ്രധാന വില്ലൻ മാഷ് ആയ സുനിൽ സർ മറ്റെന്തോ കാരണത്താൽ ലീവിൽ ആയിരുന്നു. എന്നുവെച്ചാൽ കയർ ഊരി വിട്ട് പോത്തുകളെ പോലെ ഞങ്ങൾ ആർമാദിച്ചു.പഠനം പെരുവഴിയിലും. പക്ഷെ ട്യൂഷൻ അതിന് പകരം നിന്നു. സ്കൂളിലെ മുകളിലത്തെ മുറിയിലെ ബാബു മാഷിന്റെ  കമ്പ്യൂട്ടറിൽ മാഷ് അത്യാധുനിക രസതന്ത്ര വീഡിയോകൾ കാണിച്ചു തരുമായിരുന്നു. ഞങ്ങൾ ആ അവസരം ശരിക്കും മുതലാക്കി. കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ബാല പാഠങ്ങൾ അവിടെ നിന്ന് തുടങ്ങി. അതു കൂടാതെ അവിടെ രഹസ്യമായി പല കൊടുക്കൽ വാങ്ങലുകളും നടക്കാറുണ്ടായിരുന്നു. കൈമാറ്റങ്ങൾക്കൊപ്പം അറിവും വേണ്ടുവോളം വളർന്നു. മാത്രമല്ല അന്നത്തെ കത്തി നിൽക്കുന്ന ഓർകുട്ടിൽ എനിക്ക് അകൗണ്ട് തുടങ്ങി, ഇന്നത്തെ പോലെ ട്രെൻഡ് ആകാതിരുന്ന ഫേസ്ബുക്കിലും അക്കൗണ്ട് തുടങ്ങി… അങ്ങനെ ആധുനികത എന്റെ വിരൽ തുമ്പുകളിൽ പടർന്നു കയറിക്കൊണ്ടിരുന്നു.  മാഷും ഞാനുമുള്ള ബന്ധം സ്വാധീനം ഉപയോഗിച്ചു പലരും ആ കംപ്യൂട്ടറുപയോഗിച്ചു. കൂടെ എനക്ക് കുറച്ചു വിദ്യകളും പഠിപ്പിച്ചു തന്നു. 

അവിടെ നിന്നു വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങാനായും അതിൽ ഇന്റർനെറ്റ് ബന്ധം ഉണ്ടാക്കാനും കുറെ വാശി പിടിക്കേണ്ടി വന്നു. ഒടുവിൽ അത് നേടിയപ്പോൾ ഞാൻ പഠിച്ചു തുടങ്ങിയത് ഹാക്കിങ്ങും വെബ് ഡിസൈനിങ്ങും ആണ്.  സ്വയം പഠിച്ചു കുറച്ച് വിദ്യകൾ കൈവശമാക്കി. അങ്ങനെ ഈ രീതിയിൽ കഥ പ്ലസ് ടു വരെ മുന്നേറി.

 ആ വർഷത്തെ കോഴിക്കോട് ജില്ലാ കലോൽസവം നടന്നത് പേരാമ്പ്ര സ്കൂളിൽ വച്ചായിരുന്നു. ഞങ്ങളൊക്കെ കലോൽസവത്തിന്റെ മെയിൻ സംഘാടകർ ആണ്. ഞാനാണ് ഒഫീഷ്യൽ ഫോട്ടം പിടുത്തകാരൻ. ഒപ്പം കലോൽസവത്തിന്റെ വെബും കൈകാര്യം ചെയ്യുന്നതിൽ ഒരാളും. ഞങ്ങളുടെ പ്രിൻസിപ്പാളിന്റെ മകൻ ആണ് മെയിൻ, കൂടെ ഫോട്ടോ എടുത്തു കൊണ്ട് വരാനും ചില്ലറ വെബ് സഹായത്തിനും ഞാൻ. അന്നവൻ കലോത്സവത്തിന്റെ മെയിൻ വെബ്  നിർമിച്ചത് ബ്ലോഗ്ഗറിൽ ആയിരുന്നു. അത് ഞാൻ ഓർത്തു വെച്ചിട്ടുണ്ട്. അങ്ങനെ വീട്ടിൽ വെച്ച് ഒരു ബ്ലോഗ് തുടക്കമിട്ടു, ഒരു പേരും കൊടുത്തു ശ്രീധരം. 

 പിന്നീട് ഒരു നീണ്ട സുഷുപ്തിയുടെ നാളുകൾ ആയിരുന്നു. അതുവരെ ഉണ്ടായിരുന്ന ഞാൻ വീണ്ടും മാറ്റത്തിന്റെ പാതയിൽ എത്തിപ്പെട്ടു. 10 വരെ ഒരു ആനന്ദ്, അതിനു ശേഷം വേറെ ആനന്ദ്. ഇതാ വീണ്ടും മാറ്റം. ഡിഗ്രിക്ക് ക്രിസ്ത്യൻ കോളേജിൽ ചേർന്ന് ഒരുമാസം തികയും മുന്നേ ചേർത്തല കോളേജിൽ എന്ജിനീറിങ്ങിന് ചേർന്നു. മാറ്റം, 12ആം ക്ലാസ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന എന്നെ 1ഒന്നാം വർഷത്തിൽ കാണാൻ കഴിഞ്ഞില്ല.. ഓരോ വർഷവും വ്യത്യസ്തമായി തുടർന്ന് എന്റെ രീതികൾ. ഒടുവിൽ കടുത്ത പ്രണയത്തിന്റെ നഷ്ടത്തിൽ ഞാൻ ആദ്യമായി എഴുതി. നാലാം വർഷം, കോളേജ് മാഗസിനിൽ. അതിന് ഏറെ നല്ല അഭിപ്രായങ്ങൾ വന്നപ്പോൾ  ഞാൻ ആ പഴയ ബ്ലോഗ്ഗ് ഓർത്തെടുത്തു. അതുവരെ മലയാളം നേരാവണ്ണം എഴുതാൻ അറിയാതിരുന്ന ഞാൻ കഥ എഴുതിയിരിക്കുന്നു. അത്ഭുതം എനിക്കുള്ളിൽ തന്നെയുണ്ടായി. മലയാളത്തിൽ കരഞ്ഞു പഠിക്കേണ്ട കാലത്ത് അച്ഛന്റെ കൂടെ അരുണാചലിലും പഞ്ചാബിലും ഒടുവിൽ ഗുജറാത്തിലും ആയതിനാൽ പിൽകാലത്ത് ഒരുപാട് ബുദ്ധിമുട്ടി. എന്റെ മലയാളം ഉത്തരക്കടലാസ് മാഷ് ക്ലാസ്സിൽ വായിച്ചതൊക്കെയും തമാശ ആയിരുന്നു.

എന്നാൽ കാലഹരണപ്പെട്ട ഹൃദയം പങ്കിടലിന്റെ ഒടുക്കം ഒരു വളർച്ചയ്ക്ക് കാരണമായലോ എന്ന ചിന്ത ബ്ലോഗിലേക്ക് വാക്കുകളായി ഒഴുകാൻ തുടങ്ങി. എന്റെ പ്രായത്തിലെ പലർക്കും അജ്ഞമായിരുന്ന ഈ വാക്കുപൂക്കുന്ന ലോകത്ത്‌ പിച്ച വെച്ചു നടന്നു. ആദ്യ കാലങ്ങളിൽ മാസങ്ങൾ കൊണ്ട് ഒന്ന് എഴുതിയാലായി എന്ന നിലക്ക് ആയിരുന്നു. പ്രധാന വിഷയം ടൈപ്പ് ചെയ്യാൻ ഫോൺ ഇല്ലാ എന്ന കാരണമായിരുന്നു. അതുകൊണ്ട് മറ്റു ചില കലാകാരന്മാരെയും കൂട്ടി ഒരു കൂട്ടുകച്ചവടം നടത്തി.  അത് കുറച്ചു കത്തി നിന്നെങ്കിലും എന്നെ പോലെ എഴുത്ത് ഭ്രാന്ത് ഇല്ലാത്തതിനാൽ അവരും കൈയൊഴിഞ്ഞു. പിന്നെ പല രീതിയിൽ എഴുതാൻ മാർഗങ്ങൾ കണ്ടെത്തി എഴുത്തു തുടർന്നു. ഒടുവിൽ ഫോൺ വാങ്ങിയ ശേഷം അത് ഭംഗിയായി പോകുന്നുണ്ടായിരുന്നു
എങ്കിലും ഇതിനൊക്കെയും പുറമെ ഒരു പ്രധാന പ്രശ്നം നില നിൽക്കുന്നുണ്ട്. ഞാൻ ഇങ്ങനെ എഴുതി നിർവൃതി അടയുന്നതിൽ എന്ത് കാര്യം. ആരാണ് ഇത് വായിക്കേണ്ടത്, ആരാണ് വിമർശങ്ങൾ ഉന്നയിക്കേണ്ടത്, ആരാണ് നിരൂപണം നടത്തേണ്ടത്. അതേ ആളില്ല, ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ ആവും മറുപടി. "നന്നായിട്ടുണ്ടെടാ".." കൊള്ളാം"... ഇന്റ കഥയാണോ?..  ഇതൊക്കെ ഞാനെടുത്തു പെട്ടിയിൽ വെക്കും, എന്ത് കാര്യം.. ഒന്നും നോക്കിയില്ല ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലിങ്ക് അയക്കും. ഒരു 5 ശതമാനം പേര് കാര്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിക്കും. എങ്കിലും ഞാൻ തൃപ്തനല്ലയായിരുന്നു. അങ്ങനെയാണ് ബ്ലോഗ് ലോകത്തെ ഒരു നിസ്സ്വാർത്ഥ സഞ്ചാരിയെ എന്റെ ബ്ലോഗിന്റെ കമെന്റ് ബോക്സിൽ അവിചാരിതമായി കണ്ടുമുട്ടിയത്. മറുത്തൊന്നും ചിന്തിക്കാതെ ഒരു ഇമെയിൽ സന്ദർശനം നടത്തി. സംഗതി ഏറ്റു എന്നുവേണം പറയാം. എഴുതി തെളിഞ്ഞവരുടെ ഒരു നിസ്സാര വാക്കിനുള്ളിൽ ഒരുപാട് പ്രോത്സാഹനവും അർത്ഥങ്ങളും ഉണ്ടാവും. അതേ ഇന്ന് എന്റെ ഒരു വരി കാണാൻ അവർ എല്ലാരും കാത്തു നിൽക്കും.. എന്റെ മാത്രമല്ല എല്ലാരുടെയും… ബ്ലോഗ്സാപ്പിനും  ആ വഴിയിൽ കൈപിടിച്ചു നടത്തിയ സുധിയേട്ടനും പിന്നെ മറയില്ലാതെ എന്റെ വാക്കുകളെ വിലയിരുത്തിയ എന്റെ സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.ആനന്ദ് ശ്രീധരം.

BLOG:- THAMASIA

ബ്ലോഗിലേക്കുള്ള തുടക്കം

2014 നവംബർ 20 എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യേകതകൾ ഉള്ള ദിവസമാണ് . എന്റെ ജീവിതത്തെപ്പോലും മാറ്റിയെടുത്തു എന്നുവേണമെങ്കിൽ പറയാം . ഞാനറിയാതെതന്നെ ഞാനൊരിക്കൽപോലും കണ്ടിട്ടോ അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന്‌ എന്നെ അവരുടെ ലോകത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുപോയി . എഴുത്തിൽ പ്രോത്സാഹനം നൽകി . ഞാനെഴുതിയതൊക്കെയും ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു . 


ഗീതാ ഓമനക്കുട്ടൻ_ബ്ലോഗിലേക്കുള്ള തുടക്കംവായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ മാത്രം ഒതുങ്ങിയിരുന്നു . കാരണം മറ്റൊന്നുമായിരുന്നില്ല . ഒരു നോവൽ വായിച്ചുതീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല . അല്പം മടിയുള്ള കൂട്ടത്തിലാണ് . എങ്കിലും ചില കുറിപ്പുകൾ ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചുതീർക്കുമായിരുന്നു .  ചിലനേരങ്ങളിൽ മനസ്സിൽതോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു . അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെമാത്രം സ്വകാര്യമായി സൂക്ഷിച്ചുവച്ചു . പിന്നീടവ എവിടെവച്ചൊക്കെയോ നഷ്ടപ്പെട്ടു . പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും വായനയേയും അറിയാൻ കഴിഞ്ഞത്. ഒരുപാടു പുസ്തകശേഖരം എന്റെ ഭർത്താവിന്റെ കൈവശം ഉണ്ടായിരുന്നു . പലതും വായിക്കാനായി എനിക്ക് പ്രോത്സാഹനം നൽകി . എന്റെ സംസാരത്തിലോ  പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിന്റെ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നൽകി . പക്ഷേ എങ്ങനെ … എപ്പോൾ … ഏതുവഴി .. ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു . എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും സമാധാനവും ആയി എന്നു തോന്നിത്തുടങ്ങിയപ്പോൾ ഞാനെന്തൊക്കെയോ കുറേ പേപ്പറുകളിലും ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു . അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽബാബുവിന്‌ “ മലയാളം ന്യൂസിൽ “ ( സൗദി ദിനപ്പത്രം ) അയക്കാമോ എന്നുചോദിച്ചുകൊണ്ടു അയച്ചുകൊടുത്തു . അതുവായിച്ച ഫൈസൽ ബ്ലോഗിൽ ഹരിഃശ്രീ കുറിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകി നിങ്ങൾക്കുമുൻപിൽ എന്നെ പരിചയപ്പെടുത്തി . എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിന് ആദ്യമേ നന്ദി പറയുന്നു . പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി . വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നൽകിയ നിങ്ങൾ …. ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളുടെയൊക്കെ പേരുവിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ … കഥകൾ … കവിതകൾ … ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ …. പിന്നെയും പുതുതായി എത്തുന്ന കുറേ സുഹൃത്തുക്കൾ … ഇങ്ങനെയൊക്കെയാണ് എന്റെ ബ്ലോഗ് തുടക്കം . ഇത് മുൻപും ഞാനൊരിക്കൽ പറഞ്ഞിട്ടുള്ളതാണ് .  

ഇന്നും എഴുത്തു തുടരുന്നു . രണ്ടുമൂന്നു കഥകൾ ഇവിടുത്തെ പത്രമായ “ മലയാളം ന്യൂസിൽ “ അടിച്ചുവന്നു . പിന്നെ കോട്ടയം കേന്ദ്രീകരിച്ചുള്ള “ അക്ഷരജ്വാല “ എന്ന മാസികയിൽ രണ്ടുകഥകൾ പ്രസിദ്ധീകരിച്ചു വന്നു . പിന്നെ ഒരു സുഹൃത്ത് അവരുടെ സംഘടനയുടെ സുവനീറിൽ ഒരു കഥ ഇടാനുള്ള അവസരം നൽകി . കൂടാതെ “ അഭിരാമം “ ഗ്രൂപ്പിന്റെ ഒരു പുസ്തകത്തിൽ ഒരു കഥയിടാനുള്ള അവസരം ചന്തുനായർ സാർ മുഖേന ലഭിക്കുകയുണ്ടായി . ഇതൊക്കെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു . ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ ബ്ലോഗു വിശേഷങ്ങൾ . 


തുടർന്നും നിങ്ങളുടെ വായനയും സ്നേഹവും പ്രതീക്ഷിക്കുന്നു . 
സ്നേഹപൂർവ്വം ഗീതാ ഓമനക്കുട്ടൻ 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബ്ലോഗുകൾ ഉണ്ടാകുന്നത്.....

അത് പെട്ടെന്നൊരു പോക്കായിരുന്നു - ഒരു എയർബാഗിൽ കൊള്ളുന്ന സാധനങ്ങൾ മാത്രമെടുത്ത് ഒരു രാത്രി ട്രെയിനിൽ - നാലുകൊല്ലത്തെ ബാംഗ്ലൂർവാസം കഴിഞ്ഞു ചെന്നൈയിലേക്ക്. കൂട്ടുകാരെ വിട്ടുപോകേണ്ടിവന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും, ബാംഗ്ളൂർ പോലെ വേറൊരു നഗരം അത്രയല്ലേ ഉള്ളൂ എന്നുകരുതി. പക്ഷെ വിചാരിച്ചപോലെ അത്രക്കെളുപ്പമായിരുന്നില്ല കാര്യങ്ങൾ. അവിടെ പരിചയപ്പെട്ട കുറച്ചു പേർക്കൊപ്പം ഒരു വീടെടുത്തു നിന്നെങ്കിലും, ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തൊരു അവസ്ഥയായപ്പോൾ നാടോടിക്കാറ്റിലെ മോഹൻലാൽ/ ശ്രീനിവാസൻ മോഡലിൽ "അല്ലെങ്കിലും ഈ തല്ലിപ്പൊളി വീട്ടിലെ താമസം എനിക്ക് പ്രശ്നമല്ല... ആറു മാസത്തിനകം ഈ വീട് ......." എന്നുംപറഞ്ഞുകൊണ്ടു അവിടെനിന്നിറങ്ങി ഒരു സിംഗിൾ റൂമിൽ ചേക്കേറി. ഒറ്റക്കുള്ള താമസം പരമബോർ ആണെന്നു പെട്ടെന്നുതന്നെ ബോദ്ധ്യമായി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ട് റൂമിൽ ഒറ്റക്കിരിക്കുമ്പോൾ ഉള്ള ബോറടി ഒഴിവാക്കാൻ ശനിയും ഞായറും ഓഫീസിൽ പോക്ക് പതിവാക്കി. ഇന്റർനെറ്റ്, കോഫി മെഷീൻ, താഴെ ഒരു ഫുഡ് കോർട്ട് ഇതായിരുന്നു പ്രധാന ആകർഷണം. 

BLogukal undaakunnathh, writer mahesh menon


ഫേസ്ബുക്ക്‌ അക്കൗണ്ട് ഒന്നുമില്ലാത്ത കാലമാണ്. നെറ്റിൽ മുങ്ങിത്തപ്പി ഏതെങ്കിലും ചെറുകഥകളോ, ലേഖനങ്ങളോ വായിക്കുക  ഇ-മെയിലിൽ വന്ന ഫോർവേഡുകൾ കൂട്ടുകാർക്ക് അയക്കുക അങ്ങനെയുള്ള കാര്യങ്ങളുമായാണ് നേരം കളയാറുള്ളത്. ഒരുദിവസം ആരോ ഇ-മെയിലിൽ ഒരു PDF അയച്ചുതന്നു. അത് തുറന്നു വായിച്ചപ്പോൾ ചെറിയ ഒരുപാട് കഥകൾ; വെറും കഥകളല്ല, ചിരിച്ച് കുടൽ വെളിയിൽവരുന്ന തരത്തിലുള്ള ഉഗ്രൻ നർമ്മകഥകൾ. ഒന്നും പോരാത്തതിന് ആ കഥകളിലെ പശ്ചാത്തലമെല്ലാം വീടിനടുത്തുള്ള അറിയാവുന്ന സ്ഥലങ്ങൾ. ഇതാരപ്പാ നമ്മുടെ നാടിന്റെ കഥ ഇത്ര രസകരമായി എഴുതുന്നത് എന്ന് വിചാരിച്ച് അത്ഭുതപ്പെട്ടെങ്കിലും 'വിശാലമനസ്കൻ' എന്ന പേരല്ലാതെ യാതൊരു ക്ലൂവും കിട്ടിയില്ല. എന്തായാലും സേവ് ചെയ്തുവെച്ച ആ PDF പിന്നെത്ര തവണ വായിച്ചു, എത്ര ആൾക്കാർക്ക് ഫോർവേഡ് ചെയ്തു എന്ന് എനിക്കുതന്നെ കണക്കില്ല. പിന്നീടെപ്പോഴോ അറിഞ്ഞു; ഇതെല്ലാം 'കൊടകരപുരാണം' എന്ന ബ്ലോഗിലെ കൃതികളാണെന്നും, 'വിശാലമനസ്കൻ' അതിന്റെ സൃഷ്ടാവാണെന്നും! എന്തൂട്ടാണാവോ ഈ ബ്ലോഗ് എന്നുപറയുന്ന സാധനം, പൈസ കൊടുക്കേണ്ട ഏർപ്പാട് ആണോ ആവോ എന്ന ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള നടപ്പ് അവസാനിച്ചത് 'വഴിയോരക്കാഴ്ചകൾ' എന്നുപേരിട്ട  എന്റെ സ്വന്തം ബ്ലോഗിന്റെ പിറവിയിലാണ്. 

ബ്ലോഗൊക്കെ ആയി, പക്ഷെ മാസാവസാനമാകുമ്പോൾ പേഴ്സിന്റെ അവസ്ഥപോലെ അതിങ്ങനെ ഒഴിഞ്ഞുകിടക്കാറാണ് പതിവ്. എന്തെങ്കിലുമൊരു വിഷയത്തെപ്പറ്റി എഴുതാൻ തുടങ്ങുക അത് ഡ്രാഫ്റ്റ് ആയി വെക്കുക, പിന്നെ വേറൊരു വിഷയം തുടങ്ങുക അതും ഡ്രാഫ്റ്റിൽ വെക്കുക എന്നിങ്ങനെ കുറേക്കാലം പോയി. സ്കൂളിലും, കോളേജിലുമെല്ലാം മലയാളം ഉപന്യാസത്തിൽ പങ്കെടുക്കുകയും പലതവണ സമ്മാനം കിട്ടുകയും ചെയ്‌തിട്ടുണ്ടെങ്കിലും ബ്ലോഗിൽ എഴുതുമ്പോൾ അത് മറ്റുള്ളവർക്ക് വായിക്കാൻ കൊള്ളാവുന്നതാണോ, വായിച്ചാൽ കളിയാക്കുമോ എന്നതരത്തിലൊരു അപകർഷതാബോധമാണ് പിന്നോട്ടുവലിക്കുന്നത് എന്ന് വൈകാതെ മനസ്സിലായി. ഒടുക്കം രണ്ടും കല്പിച്ച് ഓരോന്ന് പോസ്റ്റ് ചെയ്തുതുടങ്ങി. പോസ്റ്റുകൾ ഞാൻ തന്നെ ഇടക്കിടക്ക് വായിച്ചുനോക്കുന്നതല്ലാതെ വേറാരും കമന്റ് ചെയ്യുന്നില്ല എന്നുകണ്ടപ്പോൾ സത്യത്തിൽ  നിരാശയല്ല ഇനിയിപ്പോ എന്തുവേണമെങ്കിലും ധൈര്യമായി പോസ്റ്റാമല്ലോ എന്ന ആത്മവിശ്വാസമാണ് തോന്നിയത്. സ്വന്തമായി ബ്ലോഗ് തുടങ്ങുന്നതിന് മുൻപും കൊടകരപുരാണവും, കൊച്ചുത്രേസ്യയുടെ ലോകവും പോലുള്ള  ചില ബ്ലോഗുകൾ വായിക്കാറുണ്ടെങ്കിലും, കമന്റ് ചെയ്യൽ എന്ന പരിപാടി പതിവില്ല. അതൊക്കെ വലിയ ബ്ലോഗർമാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്, നമ്മളെപ്പോലുള്ള ആം ആദ്മിക്ക് നിഷിദ്ധമാണ് എന്നായിരുന്നു ധാരണ. എന്തായാലും പതുക്കെ ധൈര്യം സംഭരിച്ച് ഓരോ ബ്ലോഗും ഫോളോ ചെയ്യാനും, പോസ്റ്റുകളിൽ കമന്റ് ചെയ്യാനും  തുടങ്ങി. അതിൽ ചിലരൊക്കെ തിരിച്ചും വരാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോളാണ് ശ്രീ. സുധി അറക്കൽ ഒരിക്കൽ 'വഴിയോരക്കാഴ്ചകൾ' സന്ദർശിക്കുന്നതും ഓരോ പോസ്റ്റുകളും വായിച്ച് മനോഹരമായ കമന്റുകൾ ഇടുന്നതും. അന്ന് തുടങ്ങിയ സൗഹൃദം വാട്സാപ്പിലെ ബ്ലോഗേഴ്സ് കൂട്ടായ്മയിൽ എന്നെയും ചേർക്കുന്നതിൽ കൊണ്ടുചെന്നെത്തിച്ചു. 

ബ്ലോഗർമാർ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പിൽ അംഗമാകുക എന്നത് വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു. വ്യക്തിപരമായ അടുപ്പമില്ലെങ്കിലും ബ്ലോഗുകളിൽ സ്ഥിരമായി സന്ദർശിക്കുകയും, കമന്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ചിലരെയെങ്കിലും നേരത്തെ അറിയാമായിരുന്നു. ഗ്രൂപ്പിൽ അംഗമായിട്ട് ഒരുപാട് കാലമൊന്നും ആയില്ലെങ്കിലും അറിയാത്ത പലരെയും പരിചയപ്പെടാനും, അവരുടെ ബ്ലോഗുകൾ വായിക്കാനും, പുതിയ പോസ്റ്റുകൾ ഷെയർ ചെയ്യാനും ഈ കൂട്ടായ്മ ഉപകരിച്ചു. ഒരാളൊരു പോസ്റ്റ് ഇടുന്നതിൽ മറ്റുള്ളവർ സന്തോഷിക്കുന്നതിനേക്കാൾ മനോഹരമായ കാഴ്ച മറ്റെന്തുണ്ട്? ധാരാളം ബ്ലോഗുകൾ സന്ദർശിക്കാനും, വായിക്കാനും ഈ ഗ്രൂപ്പ് പകർന്നുതന്ന ആവേശമാണ് ശരിക്കും ബ്ലോഗെഴുത്തിനേയും, വായനയേയും കുറച്ചുകൂടി ഗൗരവമായി സമീപിക്കാൻ പ്രേരിപ്പിച്ചത്. ഓരോരുത്തരെയും പേരെടുത്തുപറയാൻ മുതിരുന്നില്ല പക്ഷെ ഒന്നുമാത്രമറിയാം ഈയൊരു കൂട്ടായ്മ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പോസ്റ്റ് പോലും ഒരിക്കലും ഉണ്ടാകില്ലായിരുന്നുവെന്ന്. ബ്ലോഗിൽ ഞാനെഴുതുന്നത് ലോകോത്തര സാഹിത്യമൊന്നുമല്ല. പക്ഷെ ഈ പോസ്റ്റിലെ ഓരോ വരികളും ശരിക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നെഴുതിയതാണ്. ഇന്നിൽ നിന്നുകൊണ്ട് ഇന്നലെകളിലേക്ക് നോക്കുമ്പോളുള്ള ആ സുഖം അതൊന്നു വേറെതന്നെയാണ്. എഴുതാനൊന്നുമില്ലല്ലോ എന്ന നിരാശയിൽനിന്ന്, ഈ ഗ്രൂപ്പിൽ ചേർന്നതിനു ശേഷം ഇനിയുമൊരുപാട് എഴുതാൻ ബാക്കിയാണല്ലോ എന്ന സുഖകരമായ സമ്മർദ്ദത്തിലേക്കുള്ള മാറ്റമാണ് ഒരുപക്ഷെ ഞാനേറ്റവും സന്തോഷത്തോടെയും നന്ദിയോടെയും സ്മരിക്കുന്നത്. ഇനിയുമൊരുപാട് അംഗങ്ങൾ വരട്ടെ, അവരുടെ രചനകൾ വായിക്കാൻ സാധിക്കട്ടെ എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. 

പറയാനാണെങ്കിൽ ഇനിയുമൊരുപാടുണ്ട്. പക്ഷെ ഒരിക്കൽ വഴിയോരക്കാഴ്ചകൾക്ക് ആമുഖമായി എഴുതിയ ചിലവരികൾ ഇവിടെ കുറിച്ചുകൊണ്ട് നിർത്തട്ടെ! ഒരു പോസ്റ്റിലെ ആമുഖത്തെ ഈ പോസ്റ്റിന്റെ സംഗ്രഹത്തിൽ പറയുന്നത് ശരിയോ എന്നറിയില്ല; പക്ഷെ താഴെയും മുകളിലുമായുള്ള ഈ വരികളിൽനിന്ന് വായിച്ചെടുക്കാം ഹ്രസ്വമായ എന്റെ  ബ്ലോഗ് ജീവിതത്തെ! 

ആമുഖത്തിൽനിന്ന്.....
ആരെങ്കിലും എന്നെങ്കിലും ഇത് വായിക്കുമോ  എന്നെനിക്കറിയില്ല. എങ്കിലും  ഉറക്കെ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ച കാര്യങ്ങൾ, എന്റെ സന്തോഷങ്ങൾ, സങ്കടങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം ഇവിടെ കോറിയിടാൻ ഞാനാഗ്രഹിക്കുന്നു. ഒരു ക്യാൻവാസിൽ പലതരം ചായങ്ങൾ  കോരിയൊഴിച്ചതുപോലെ അത് അങ്ങിങ്ങു ചിതറി അടുക്കും ചിട്ടയുമില്ലാതെ കിടന്നേക്കാം. അതങ്ങനെവരാനേ തരമുള്ളൂ; കാരണം  സമരസപ്പെടാൻ സമ്മതിക്കാത്ത ഒരു മനസ്സിന്റെ സംഘട്ടനങ്ങളാണ് ഈ കുറിപ്പുകൾ. അവ ചിലപ്പോൾ ഹൃദയത്തിനുള്ളിൽ കയറിനിന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു, മറ്റു ചിലപ്പോൾ എന്നെ പരിഹസിച്ചു, എന്നോട് കലഹിച്ചു അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചു.

ഇന്നും തുടരുന്ന യാത്രയുടെ ഏതോ ഒരു കോണിൽ വെച്ചു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഈ 'വഴിയോരക്കാഴ്ചകൾ' എന്റെ കണ്ണീരും, വിയർപ്പും രക്തവുമായിരുന്നുവെന്ന്

പാഥേയം എന്ന കവിതയിൽ ശ്രീ ഒഎൻവി എഴുതിയപോലെ,


"ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും 
ഒരുനാൾ കവർന്നു പറന്നുപോവാൻ 
നിഴലായി, നിദ്രയായ് പിൻതുടർന്നെത്തുന്ന  
മരണമേ! നീ മാറിനിൽക്കൂ!
അതിനു മുമ്പതിനുമുമ്പൊന്നു ഞാൻ പാടട്ടെ 
അതിലെന്റെ ജീവനുരുകട്ടെ!
അതിലെന്റെ മണ്ണു കുതിരട്ടേ , പിളർക്കട്ടെ, 
അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ!"