ബ്ലോഗുകൾ ഉണ്ടാകുന്നത്.....

അത് പെട്ടെന്നൊരു പോക്കായിരുന്നു - ഒരു എയർബാഗിൽ കൊള്ളുന്ന സാധനങ്ങൾ മാത്രമെടുത്ത് ഒരു രാത്രി ട്രെയിനിൽ - നാലുകൊല്ലത്തെ ബാംഗ്ലൂർവാസം കഴിഞ്ഞു ചെന്നൈയിലേക്ക്. കൂട്ടുകാരെ വിട്ടുപോകേണ്ടിവന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും, ബാംഗ്ളൂർ പോലെ വേറൊരു നഗരം അത്രയല്ലേ ഉള്ളൂ എന്നുകരുതി. പക്ഷെ വിചാരിച്ചപോലെ അത്രക്കെളുപ്പമായിരുന്നില്ല കാര്യങ്ങൾ. അവിടെ പരിചയപ്പെട്ട കുറച്ചു പേർക്കൊപ്പം ഒരു വീടെടുത്തു നിന്നെങ്കിലും, ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തൊരു അവസ്ഥയായപ്പോൾ നാടോടിക്കാറ്റിലെ മോഹൻലാൽ/ ശ്രീനിവാസൻ മോഡലിൽ "അല്ലെങ്കിലും ഈ തല്ലിപ്പൊളി വീട്ടിലെ താമസം എനിക്ക് പ്രശ്നമല്ല... ആറു മാസത്തിനകം ഈ വീട് ......." എന്നുംപറഞ്ഞുകൊണ്ടു അവിടെനിന്നിറങ്ങി ഒരു സിംഗിൾ റൂമിൽ ചേക്കേറി. ഒറ്റക്കുള്ള താമസം പരമബോർ ആണെന്നു പെട്ടെന്നുതന്നെ ബോദ്ധ്യമായി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ട് റൂമിൽ ഒറ്റക്കിരിക്കുമ്പോൾ ഉള്ള ബോറടി ഒഴിവാക്കാൻ ശനിയും ഞായറും ഓഫീസിൽ പോക്ക് പതിവാക്കി. ഇന്റർനെറ്റ്, കോഫി മെഷീൻ, താഴെ ഒരു ഫുഡ് കോർട്ട് ഇതായിരുന്നു പ്രധാന ആകർഷണം. 

BLogukal undaakunnathh, writer mahesh menon


ഫേസ്ബുക്ക്‌ അക്കൗണ്ട് ഒന്നുമില്ലാത്ത കാലമാണ്. നെറ്റിൽ മുങ്ങിത്തപ്പി ഏതെങ്കിലും ചെറുകഥകളോ, ലേഖനങ്ങളോ വായിക്കുക  ഇ-മെയിലിൽ വന്ന ഫോർവേഡുകൾ കൂട്ടുകാർക്ക് അയക്കുക അങ്ങനെയുള്ള കാര്യങ്ങളുമായാണ് നേരം കളയാറുള്ളത്. ഒരുദിവസം ആരോ ഇ-മെയിലിൽ ഒരു PDF അയച്ചുതന്നു. അത് തുറന്നു വായിച്ചപ്പോൾ ചെറിയ ഒരുപാട് കഥകൾ; വെറും കഥകളല്ല, ചിരിച്ച് കുടൽ വെളിയിൽവരുന്ന തരത്തിലുള്ള ഉഗ്രൻ നർമ്മകഥകൾ. ഒന്നും പോരാത്തതിന് ആ കഥകളിലെ പശ്ചാത്തലമെല്ലാം വീടിനടുത്തുള്ള അറിയാവുന്ന സ്ഥലങ്ങൾ. ഇതാരപ്പാ നമ്മുടെ നാടിന്റെ കഥ ഇത്ര രസകരമായി എഴുതുന്നത് എന്ന് വിചാരിച്ച് അത്ഭുതപ്പെട്ടെങ്കിലും 'വിശാലമനസ്കൻ' എന്ന പേരല്ലാതെ യാതൊരു ക്ലൂവും കിട്ടിയില്ല. എന്തായാലും സേവ് ചെയ്തുവെച്ച ആ PDF പിന്നെത്ര തവണ വായിച്ചു, എത്ര ആൾക്കാർക്ക് ഫോർവേഡ് ചെയ്തു എന്ന് എനിക്കുതന്നെ കണക്കില്ല. പിന്നീടെപ്പോഴോ അറിഞ്ഞു; ഇതെല്ലാം 'കൊടകരപുരാണം' എന്ന ബ്ലോഗിലെ കൃതികളാണെന്നും, 'വിശാലമനസ്കൻ' അതിന്റെ സൃഷ്ടാവാണെന്നും! എന്തൂട്ടാണാവോ ഈ ബ്ലോഗ് എന്നുപറയുന്ന സാധനം, പൈസ കൊടുക്കേണ്ട ഏർപ്പാട് ആണോ ആവോ എന്ന ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള നടപ്പ് അവസാനിച്ചത് 'വഴിയോരക്കാഴ്ചകൾ' എന്നുപേരിട്ട  എന്റെ സ്വന്തം ബ്ലോഗിന്റെ പിറവിയിലാണ്. 

ബ്ലോഗൊക്കെ ആയി, പക്ഷെ മാസാവസാനമാകുമ്പോൾ പേഴ്സിന്റെ അവസ്ഥപോലെ അതിങ്ങനെ ഒഴിഞ്ഞുകിടക്കാറാണ് പതിവ്. എന്തെങ്കിലുമൊരു വിഷയത്തെപ്പറ്റി എഴുതാൻ തുടങ്ങുക അത് ഡ്രാഫ്റ്റ് ആയി വെക്കുക, പിന്നെ വേറൊരു വിഷയം തുടങ്ങുക അതും ഡ്രാഫ്റ്റിൽ വെക്കുക എന്നിങ്ങനെ കുറേക്കാലം പോയി. സ്കൂളിലും, കോളേജിലുമെല്ലാം മലയാളം ഉപന്യാസത്തിൽ പങ്കെടുക്കുകയും പലതവണ സമ്മാനം കിട്ടുകയും ചെയ്‌തിട്ടുണ്ടെങ്കിലും ബ്ലോഗിൽ എഴുതുമ്പോൾ അത് മറ്റുള്ളവർക്ക് വായിക്കാൻ കൊള്ളാവുന്നതാണോ, വായിച്ചാൽ കളിയാക്കുമോ എന്നതരത്തിലൊരു അപകർഷതാബോധമാണ് പിന്നോട്ടുവലിക്കുന്നത് എന്ന് വൈകാതെ മനസ്സിലായി. ഒടുക്കം രണ്ടും കല്പിച്ച് ഓരോന്ന് പോസ്റ്റ് ചെയ്തുതുടങ്ങി. പോസ്റ്റുകൾ ഞാൻ തന്നെ ഇടക്കിടക്ക് വായിച്ചുനോക്കുന്നതല്ലാതെ വേറാരും കമന്റ് ചെയ്യുന്നില്ല എന്നുകണ്ടപ്പോൾ സത്യത്തിൽ  നിരാശയല്ല ഇനിയിപ്പോ എന്തുവേണമെങ്കിലും ധൈര്യമായി പോസ്റ്റാമല്ലോ എന്ന ആത്മവിശ്വാസമാണ് തോന്നിയത്. സ്വന്തമായി ബ്ലോഗ് തുടങ്ങുന്നതിന് മുൻപും കൊടകരപുരാണവും, കൊച്ചുത്രേസ്യയുടെ ലോകവും പോലുള്ള  ചില ബ്ലോഗുകൾ വായിക്കാറുണ്ടെങ്കിലും, കമന്റ് ചെയ്യൽ എന്ന പരിപാടി പതിവില്ല. അതൊക്കെ വലിയ ബ്ലോഗർമാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്, നമ്മളെപ്പോലുള്ള ആം ആദ്മിക്ക് നിഷിദ്ധമാണ് എന്നായിരുന്നു ധാരണ. എന്തായാലും പതുക്കെ ധൈര്യം സംഭരിച്ച് ഓരോ ബ്ലോഗും ഫോളോ ചെയ്യാനും, പോസ്റ്റുകളിൽ കമന്റ് ചെയ്യാനും  തുടങ്ങി. അതിൽ ചിലരൊക്കെ തിരിച്ചും വരാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോളാണ് ശ്രീ. സുധി അറക്കൽ ഒരിക്കൽ 'വഴിയോരക്കാഴ്ചകൾ' സന്ദർശിക്കുന്നതും ഓരോ പോസ്റ്റുകളും വായിച്ച് മനോഹരമായ കമന്റുകൾ ഇടുന്നതും. അന്ന് തുടങ്ങിയ സൗഹൃദം വാട്സാപ്പിലെ ബ്ലോഗേഴ്സ് കൂട്ടായ്മയിൽ എന്നെയും ചേർക്കുന്നതിൽ കൊണ്ടുചെന്നെത്തിച്ചു. 

ബ്ലോഗർമാർ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പിൽ അംഗമാകുക എന്നത് വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു. വ്യക്തിപരമായ അടുപ്പമില്ലെങ്കിലും ബ്ലോഗുകളിൽ സ്ഥിരമായി സന്ദർശിക്കുകയും, കമന്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ചിലരെയെങ്കിലും നേരത്തെ അറിയാമായിരുന്നു. ഗ്രൂപ്പിൽ അംഗമായിട്ട് ഒരുപാട് കാലമൊന്നും ആയില്ലെങ്കിലും അറിയാത്ത പലരെയും പരിചയപ്പെടാനും, അവരുടെ ബ്ലോഗുകൾ വായിക്കാനും, പുതിയ പോസ്റ്റുകൾ ഷെയർ ചെയ്യാനും ഈ കൂട്ടായ്മ ഉപകരിച്ചു. ഒരാളൊരു പോസ്റ്റ് ഇടുന്നതിൽ മറ്റുള്ളവർ സന്തോഷിക്കുന്നതിനേക്കാൾ മനോഹരമായ കാഴ്ച മറ്റെന്തുണ്ട്? ധാരാളം ബ്ലോഗുകൾ സന്ദർശിക്കാനും, വായിക്കാനും ഈ ഗ്രൂപ്പ് പകർന്നുതന്ന ആവേശമാണ് ശരിക്കും ബ്ലോഗെഴുത്തിനേയും, വായനയേയും കുറച്ചുകൂടി ഗൗരവമായി സമീപിക്കാൻ പ്രേരിപ്പിച്ചത്. ഓരോരുത്തരെയും പേരെടുത്തുപറയാൻ മുതിരുന്നില്ല പക്ഷെ ഒന്നുമാത്രമറിയാം ഈയൊരു കൂട്ടായ്മ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പോസ്റ്റ് പോലും ഒരിക്കലും ഉണ്ടാകില്ലായിരുന്നുവെന്ന്. ബ്ലോഗിൽ ഞാനെഴുതുന്നത് ലോകോത്തര സാഹിത്യമൊന്നുമല്ല. പക്ഷെ ഈ പോസ്റ്റിലെ ഓരോ വരികളും ശരിക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നെഴുതിയതാണ്. ഇന്നിൽ നിന്നുകൊണ്ട് ഇന്നലെകളിലേക്ക് നോക്കുമ്പോളുള്ള ആ സുഖം അതൊന്നു വേറെതന്നെയാണ്. എഴുതാനൊന്നുമില്ലല്ലോ എന്ന നിരാശയിൽനിന്ന്, ഈ ഗ്രൂപ്പിൽ ചേർന്നതിനു ശേഷം ഇനിയുമൊരുപാട് എഴുതാൻ ബാക്കിയാണല്ലോ എന്ന സുഖകരമായ സമ്മർദ്ദത്തിലേക്കുള്ള മാറ്റമാണ് ഒരുപക്ഷെ ഞാനേറ്റവും സന്തോഷത്തോടെയും നന്ദിയോടെയും സ്മരിക്കുന്നത്. ഇനിയുമൊരുപാട് അംഗങ്ങൾ വരട്ടെ, അവരുടെ രചനകൾ വായിക്കാൻ സാധിക്കട്ടെ എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. 

പറയാനാണെങ്കിൽ ഇനിയുമൊരുപാടുണ്ട്. പക്ഷെ ഒരിക്കൽ വഴിയോരക്കാഴ്ചകൾക്ക് ആമുഖമായി എഴുതിയ ചിലവരികൾ ഇവിടെ കുറിച്ചുകൊണ്ട് നിർത്തട്ടെ! ഒരു പോസ്റ്റിലെ ആമുഖത്തെ ഈ പോസ്റ്റിന്റെ സംഗ്രഹത്തിൽ പറയുന്നത് ശരിയോ എന്നറിയില്ല; പക്ഷെ താഴെയും മുകളിലുമായുള്ള ഈ വരികളിൽനിന്ന് വായിച്ചെടുക്കാം ഹ്രസ്വമായ എന്റെ  ബ്ലോഗ് ജീവിതത്തെ! 

ആമുഖത്തിൽനിന്ന്.....
ആരെങ്കിലും എന്നെങ്കിലും ഇത് വായിക്കുമോ  എന്നെനിക്കറിയില്ല. എങ്കിലും  ഉറക്കെ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ച കാര്യങ്ങൾ, എന്റെ സന്തോഷങ്ങൾ, സങ്കടങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം ഇവിടെ കോറിയിടാൻ ഞാനാഗ്രഹിക്കുന്നു. ഒരു ക്യാൻവാസിൽ പലതരം ചായങ്ങൾ  കോരിയൊഴിച്ചതുപോലെ അത് അങ്ങിങ്ങു ചിതറി അടുക്കും ചിട്ടയുമില്ലാതെ കിടന്നേക്കാം. അതങ്ങനെവരാനേ തരമുള്ളൂ; കാരണം  സമരസപ്പെടാൻ സമ്മതിക്കാത്ത ഒരു മനസ്സിന്റെ സംഘട്ടനങ്ങളാണ് ഈ കുറിപ്പുകൾ. അവ ചിലപ്പോൾ ഹൃദയത്തിനുള്ളിൽ കയറിനിന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു, മറ്റു ചിലപ്പോൾ എന്നെ പരിഹസിച്ചു, എന്നോട് കലഹിച്ചു അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചു.

ഇന്നും തുടരുന്ന യാത്രയുടെ ഏതോ ഒരു കോണിൽ വെച്ചു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഈ 'വഴിയോരക്കാഴ്ചകൾ' എന്റെ കണ്ണീരും, വിയർപ്പും രക്തവുമായിരുന്നുവെന്ന്

പാഥേയം എന്ന കവിതയിൽ ശ്രീ ഒഎൻവി എഴുതിയപോലെ,


"ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും 
ഒരുനാൾ കവർന്നു പറന്നുപോവാൻ 
നിഴലായി, നിദ്രയായ് പിൻതുടർന്നെത്തുന്ന  
മരണമേ! നീ മാറിനിൽക്കൂ!
അതിനു മുമ്പതിനുമുമ്പൊന്നു ഞാൻ പാടട്ടെ 
അതിലെന്റെ ജീവനുരുകട്ടെ!
അതിലെന്റെ മണ്ണു കുതിരട്ടേ , പിളർക്കട്ടെ, 
അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ!"12 comments:

 1. മഹേഷ്‌,


  ഭയങ്കരാ.....കൊടകരപുരാണത്തിൽ നിന്ന് തുടങ്ങിയതാണല്ലേ!?!?!?

  അദ്ദേഹത്തിന്റെ ഒരു കമന്റ്‌ എന്റെ ബ്ലോഗിലെ ഏതോ ഒരു പോസ്റ്റിൽ വന്നുവീണതിന്റെ നോട്ടിഫിക്കേഷൻ മെയിലിൽ വന്നത്‌ കണ്ട എന്റെ അമ്പരപ്പ്‌ ഒന്ന് ആലോചിച്ച്‌ നോക്കിക്കേ...

  മനോഹരമായ വായന സമ്മാനിച്ചതിനു നന്ദി.

  ReplyDelete
 2. സുധീ തീർച്ചയായും ബ്ലോഗ് തുടങ്ങാനുള്ള പ്രചോദനം കൊടകരപുരാണത്തിൽനിന്നുതന്നെ. പക്ഷേ തുടങ്ങിയ ബ്ലോഗ് മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രചോദനം ആരായിരുന്നുവെന്നും പറഞ്ഞിട്ടുണ്ട് ;-)

  എനിക്കൂഹിക്കാം ആ ഒരവസ്ഥ. ഫേസ്ബുക്കിൽ ഞാനിട്ട ഒരു പോസ്റ്റിനു കമന്റ് വന്നപ്പോൾ അതെ അവസ്ഥയിൽ ആയിരുന്നു ഞാനും. ഇത്ര വലിയ ആളുകൾ വരെ കമന്റിയ സുധിയുടെ ബ്ലോഗിൽ ഇനിയും എഴുത്തിന്റെ വസന്തം കൊണ്ടുവരൂ....

  വായനക്കും കമന്റിനും നന്ദി :-)

  ഈ പോസ്റ്റ് എഴുതാൻ പ്രേരിപ്പിച്ച ആദിക്ക് വിശേഷാൽ നന്ദി.

  ReplyDelete
  Replies
  1. എഴുതിത്തുടങ്ങും മഹേഷേ.ബ്ലോഗ്‌ എന്റെ ജീവശ്വാസം ആണു.

   Delete
 3. ബ്ലോഗ് എഴുത്ത് തുടങ്ങുന്നത് അങ്ങന്നയാണല്ലേ? മലയാളം ബ്ലോഗിംഗ് ജനകീയമാക്കാൻ വേണ്ടി ശില്പശാലകൾ സംഘടിപ്പിച്ചതാണ് എനിക്കോർമ്മ വരുന്നത്.

  ReplyDelete
  Replies
  1. അതെ മാഷേ, അങ്ങനെയാണ് ബ്ലോഗെഴുത്തിലേക്ക് തിരിഞ്ഞത് :-)

   ഓ ബ്ലോഗെഴുത്തിനു വേണ്ടി ശില്പശാലയൊക്കെ ഉണ്ടായിരുന്നോ?

   Delete
 4. Valare nannayi adakkathilum othukkathilum paranju vachu. Nam ezhuthunnathu randuper vayichu randuvarikal kurikkumpol namukku veendum enthokkeyo manassil varunna kathakalo kazchakalo sambhavangalo.okke ezhuthan.thonnum. Kooduthal kurippukal varatte.. Mahesh.....vayanakkayi theerchayayum ethum.. Ashamsakal.

  ReplyDelete
  Replies
  1. ചേച്ചി പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.. ആരെങ്കിലും എന്തെങ്കിലും കമന്റ് ചെയ്യുന്നത് വല്ലാത്തൊരു സന്തോഷമാണ്..

   Delete
 5. വളരെ നന്നായി എഴുതി. കൊടക പുരാണത്തിൽ നിന്നാരംഭിച്ച വഴിയോര കാഴ്ചയുടെ ബ്ലോഗിന്റെ ഉത്ഭവത്തിലൂടെ ഒരു അനിയനെ കൂടെ കിട്ടി. ഇനിയും ഒത്തിരി എഴുതുക

  ReplyDelete
  Replies
  1. തുടരണമെന്നാണ് ആഗ്രഹം. എഴുത്ത് മാത്രമല്ല വായനയും :-) ഒരുപാട് സന്തോഷം..

   Delete
 6. അമ്പട കള്ളാ... അപ്പോൾ എന്നെപ്പോലെ തന്നെ... വിശാലമനസ്കനാണ് ഗുരു... ആ അനുഗ്രഹമാണ്...

  ReplyDelete
  Replies
  1. അതെ വിശാലമനസ്കൻ തന്നെ മാനസഗുരു ആ അനുഗ്രഹത്തിന്റെ ഗുണം തീർച്ചയായുമുണ്ട്. പുള്ളി മാന്യനായതുകൊണ്ടു പെരുവിരലൊന്നും ചോദിച്ചില്ലെന്നു മാത്രം ;-)

   'എന്നെപ്പോലെ തന്നെ' എന്നുപറയുന്നതിൽ ഒരു അജഗജാന്തരം ഉണ്ട് വിനുവേട്ടാ.. :-) എന്നെങ്കിലുമൊരിക്കൽ അത്രയുമൊക്കെ വളരാൻ കഴിയട്ടെ എന്ന ആഗ്രഹം മാത്രമാണ് എഴുതാനുള്ള പ്രചോദനം.

   Delete
 7. സ്വന്തം  കണ്ണീരും, വിയർപ്പും 
  രക്തവുമായിരുന്നുവെന്ന് ഈ 'വഴിയോരക്കാഴ്ചകൾ
  വായിക്കുമ്പോൾ തിരിച്ചറിയുന്നു...
  യാത്രകൾ തുടരുക ...,തുടരണം കേട്ടോ ഭായ് 

  ReplyDelete